Advertisement

‘ശശിയേട്ടാ, ഇതേയുള്ളൂ, റീത്തൊന്നും കിട്ടാനില്ല’: ആളും ആരവവുമില്ലാതെ ശശി കലിംഗ വിടവാങ്ങി; കുറിപ്പുമായി വിനോദ് കോവൂർ

April 7, 2020
Google News 1 minute Read

ശശി കലിംഗയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പോയതിനെപ്പറ്റി വിവരിച്ച് നടൻ വിനോദ് കോവൂർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലാണ് ആളും ആരവവും ഇല്ലാതെ ശശി കലിംഗക്ക് മടങ്ങേണ്ടി വന്നു എന്ന് വിനോദ് എഴുതിയത്. ലോക്ക് ഡൗൺ കാരണം വരാൻ സിനിമാ പ്രവർത്തകർക്കൊന്നും ധൈര്യമുണ്ടായില്ലെന്നും ഒരു റീത്ത് പോലും വാങ്ങാൻ സാധിച്ചില്ലെന്നും അദ്ദേഹം കുറിച്ചു.

വിനോദ് കോവൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നാടക സിനിമാ നടൻ ശശി കലിംഗ വിടവാങ്ങി.
കാലത്ത് മരണ വിവരം അറിഞ്ഞത് മുതൽ സിനിമാ പ്രവർത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാൽ ലോക് ഡൗൺ കാലാവസ്ഥ കാരണം ആർക്കും വരാൻ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആർക്കും എത്താൻ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കിൽ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടൻ പറഞ്ഞു. അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവർത്തനങ്ങളില്ലെല്ലാം സജീവ പ്രവർത്തകനായ ആഷിർ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാൻ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന് .
പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേൽ ശശിയേട്ടൻ എന്ന നടൻ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയിൽ നിങ്ങൾക്ക് കാണാം. വിരലിൽ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു. ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടിൽ വന്നില്ലായിരുന്നെങ്കിൽ ശശിയേട്ടന്റെ സഹപ്രവർത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ. നിർഭാഗ്യവാനാണ് ശശിയേട്ടൻ . ഇടവേള ബാബു ചേട്ടൻ പറഞ്ഞിരുന്നു പറ്റുമെങ്കിൽ കിട്ടുമെങ്കിൽ ഒരു റീത്ത് അമ്മയുടെ പേരിൽ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സർവീസിൽ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കൾ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാൻ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തിൽ സമർപ്പിച്ചു പറഞ്ഞു
ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ ? സത്യത്തിൽ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കിൽ ഇപ്പോൾ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗൺഹാളിൽ പ്രദർശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌൺ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. 5 സിനിമ കളിൽ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാൻ .എന്നെ വലിയ പ്രിയമായിരുന്നു . ‘ഏറ്റവും ഒടുവിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ കുട്ടിമാമയായിരുന്നു. സന്തോഷമുള്ള ഏറെ ഓർമ്മകൾ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങൾ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു.
ശശിയേട്ടാ സിനിമാ പ്രവർത്തകർക്ക് വേണ്ടിയും നാടക പ്രവർത്തകർക്ക് വേണ്ടിയും ഞാൻ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

Story Highlights: vinod kovoor fb post about shashi kalinga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here