കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് കൂടുതൽ നടപടികളുമായി ബഹ്റൈൻ

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് കൂടുതൽ നടപടികളുമായി ബഹ്റൈൻ. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും വാണിജ്യ സ്ഥാപനങ്ങൾക്ക് മുൻകരുതൽ പാലിച്ച് തുറക്കാമെന്നും ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുമ്പോൾ എൻ 95 മാസ്ക് മാത്രമല്ല, ഏത് മാസ്കും ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മാസ്ക് വീട്ടിലുണ്ടാക്കുകയും ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള കോർഡിനേഷൻ കമ്മിറ്റിയുടെ ഇന്നലെ ചേർന്ന യോഗത്തിൽ ഇതുൾപ്പെടെ പ്രധാന തീരുമാനങ്ങൾ എടുത്തതായി മന്ത്രി പറഞ്ഞു.

ബഹ്റൈൻ എക്സിബിഷൻ ആൻ്റ് കൺവെൻഷൻ സെൻററിൽ പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമാ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത് നീട്ടിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു. റസ്റ്റോറൻറുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ് സ്ഥലങ്ങളിലും ടേക് എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ് തുടർന്നും ഉണ്ടാവുക. സലൂണുകൾ തുടർന്നും അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. പൗരൻമാരുടെയും പ്രവാസികളുടെയും ആരോഗ്യം ഉറപ്പ് വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

അതേ സമയം, കൊവിഡ് 19ൻ്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് രാജ്യത്ത് നിലവില്‍ വന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഈ ഇളവ് ലഭിക്കും.

Story Highlights: bahrain covid 19 guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top