Advertisement

പൊലീസിനെ കണ്ട് ഭയന്നോടി; മലപ്പുറത്ത് ഒരാൾ ഹൃദയാഘാതം മൂലം വീണ് മരിച്ചു

April 8, 2020
Google News 1 minute Read

മലപ്പുറം തിരൂരിൽ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂർ തെക്കുംമുറി നടുപറമ്പത്ത് സുരേഷ് (42) ആണ് മരിച്ചത്. തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആറു പേർ കൂടി നിൽക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. 2 പേരെ കസ്റ്റഡിയിലെടുത്തപ്പോൾ സുരേഷ് ഉൾപ്പെടെയുള്ളവർ ചിതറിയോടി. ഏറെ നേരമായിട്ടും സുരേഷിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് പാടത്ത് മൃതദേഹം കണ്ടത്. ശരീരത്തിൽ പരുക്കുകളില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേ സമയം, ഇന്നലെ സംസ്ഥാനത്ത് 9 പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളും. കൊല്ലം, മലപ്പുറം സ്വദേശികളായ ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചു. 12 പേരുടെ പരിശോധാഫലം നെഗറ്റീവായി. കണ്ണൂരില്‍ അഞ്ച് പേര്‍ക്കും, എറണാകുളത്ത് നാലുപേര്‍ക്കും, തിരുവനന്തപുരം ആലപ്പുഴ കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര്‍ ചികിത്സയിലാണ്. ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തി അറുനൂറ്റി എണ്‍പത്തിയാറുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിനാല്‍പത്തിഅയ്യായിരത്തിതൊള്ളായിരത്തി മുപ്പത്തിനാലുപേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: man died due to heart attack malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here