കൊവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ വീട്ടിൽ; പകരം ബിരുദം ഏറ്റുവാങ്ങി റോബോട്ടുകൾ: ചിത്രങ്ങൾ കാണാം

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ വീട്ടിലായിപ്പോയ വിദ്യാർത്ഥികൾക്ക് പകരം ബിരുദം ഏറ്റുവാങ്ങി റോബോട്ടുകൾ. വീട്ടിലിരുന്ന് സ്വയം നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ടുകളാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ബിരുദം ഏറ്റുവാങ്ങിയത്. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ബിസിനസ് ബ്രേക്ക്‌ത്രൂ സർവകലാശാലയിലാണ് വ്യത്യസ്തമായ ഈ ബിരുദദാനച്ചടങ്ങ് നടന്നത്.
‘ന്യൂമീ’ എന്ന് പേരിട്ടിരിക്കുന്ന റോബോട്ടാണ് കഥാനായകൻ. ഇവയുടെ മുഖത്തിൻ്റെ സ്ഥാനത്തുള്ള ടാബ്‌ലറ്റിൽ അതാത് വിദ്യാർത്ഥിയെ തത്സമയം കാണാം. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തങ്ങളുടെ ലാപ്പ്ടോപ്പുകൾ ഉപയോഗിച്ച് റോബോട്ടുകളെ നിയന്ത്രിക്കാം. ഓരോ റോബോട്ടുകളായി എത്തി ബിരുദം സ്വീകരിച്ച് തിരികെ വരുന്നതിൻ്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും. വൈറസ് ബാധയെ തുടർന്ന് തകർന്ന വിപണിയെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു.
ജപ്പാനിൽ കൊവിഡ് ബാധിച്ച് ഇതുവരെ 80 പേരാണ് മരിച്ചത്. 3817 പേർക്ക് രോഗം സ്ഥിരീകരിച്ചു. 592 പേർ രോഗമുക്തി നേടി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ വൈറസ് ബാധിതർ കുറവാണെങ്കിലും ടോക്യോ നഗരത്തിൽ അടുത്തിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ടോക്യോവിൽ ഇപ്പോൾ ആയിരത്തിലധികം രോഗികളുണ്ട്.
Story Highlights: Robots help Japanese students attend graduation from home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here