തൃശൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മാള സ്വദേശിക്ക്

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സൂറത്തിൽ നിന്നെത്തിയ ഇവരുടെ പിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ആകെ 15716 പേരാണ് നിലവിൽ നിരീക്ഷണത്തിലുളളത്. ഇതിൽ 36 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. തുടർ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതോടെ രോഗമുക്തരായ മൂന്ന് പേരെ ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്തു. നിലവിൽ ഏഴ് പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതു വരെ 861 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 846 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നു. 15 എണ്ണത്തിന്റെ ഫലം ഇനി ലഭിക്കാനുണ്ട്.
Read Also: ലോക്ക്ഡൗണ്‍ ലംഘനം : സംസ്ഥാനത്ത് ഇന്ന് 2584 കേസുകള്‍
സംസ്ഥാാനത്ത് അതേസമയം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂർ സ്വദേശികളായ നാല് പേർക്കും ആലപ്പുഴ സ്വദേശികളായ രണ്ട് പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് സ്വദേശികളായ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരും. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
thrissur, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here