കൊല്ലത്ത് ദിവസങ്ങൾ പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊല്ലം വിളക്കുടി സ്‌നേഹതീരത്തിന് മുന്നിലെ വീട്ടിൽ ദിവസങ്ങൾ പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ അർധ രാത്രിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുന്നിക്കോട് പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും.
വിളക്കുടി സ്‌നേഹതീരത്തിന് സമീപം മേഴ്‌സിയുടെ വീടിന് മുന്നിലാണ് കുട്ടിയെ കണ്ടെത്തിയത്.അപ്രതീക്ഷതമായി പുറത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് മേഴ്‌സി പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് വീട്ടുപടിക്കൽ കുഞ്ഞിനെ കണ്ടത്. സമീപത്തെങ്ങും മറ്റാരെയും കാണാതായതോടെ മേഴ്‌സി തൊട്ടടുത്തുള്ള സ്‌നേഹ തീരത്തിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്‌നേഹ തീരം ചുമതല വഹിക്കുന്ന സിസ്റ്റർ റോസിലിൻ എത്തുകയും കുട്ടിയെ ഏറ്റെടുക്കുകയുമായിരുന്നു. കുന്നിക്കോട് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കുന്നിക്കോട് പൊലീസ് എത്തി ഒരുമണിയോടെ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ദിവസങ്ങൾ മാത്രം പ്രായമുള്ള പെൺകുഞ്ഞ് ആരോഗ്യവതിയാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച പ്രദേശങ്ങളിൽ നടന്ന പ്രസവങ്ങളുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഒപ്പം പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ലോക്ക് ഡൗണായതിനാൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആരെങ്കിലും തന്നെയാകും കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചത് എന്നാണു പോലീസിൻറെ പ്രാഥമിക നിഗമനം. കുഞ്ഞിൻറെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച ശേഷം ഉടൻ തന്നെ കൊല്ലത്തുള്ള അമ്മ തൊട്ടിലിലേക്ക് മാറ്റാനാണ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.
Story Highlights- newborn baby,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here