രോഹിതിനോട് 10 ചോദ്യങ്ങൾ: സ്വന്തം ഉയരം പോലും അറിയില്ലെന്ന് യുവി; വിക്കിപീഡിയയെ വിശ്വസിക്കരുതെന്ന് രോഹിത്

കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുകയാണ്. മത്സരങ്ങൾ ഇല്ലാത്തതു കൊണ്ട് തന്നെ വീട്ടിലിരുന്ന് സമയം ചെലവഴിക്കുകയാണ് കായിക താരങ്ങൾ. ക്രിക്കറ്റ് താരങ്ങൾ അടക്കം സകല ആളുകളും വീട്ടിലാണ്. ഇതിനിടെയാണ് ഇൻസ്റ്റഗ്രാമിൽ ലൈവ് ചാറ്റുമായി പല താരങ്ങളും രംഗത്തെത്തിയത്. വിരാട് കോലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങളൊക്കെ ലൈവ് ചാറ്റിലെത്തി. രോഹിതിൻ്റെ ലൈവ് ചാറ്റിനിടെ 10 ചോദ്യങ്ങളുമായാണ് യുവരാജ് എത്തിയത്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണത്തിൻ്റെ വീഡിയോ മുംബൈ ഇന്ത്യൻസ് പങ്കുവച്ചിട്ടുണ്ട്.
ടെസ്റ്റ് മത്സരങ്ങൾ, വിക്കറ്റുകൾ, ഐപിഎൽ റൺസുകൾ, കല്യാണ നിശ്ചയം, ഉയരം തുടങ്ങിയ 10 ചോദ്യങ്ങളാണ് യുവി രോഹിതിനോട് ചോദിക്കുന്നത്. ഇതിൽ അഞ്ച് ചോദ്യങ്ങൾക്ക് രോഹിത് ഉത്തരം പറയുന്നുണ്ട്. അക്കങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തനിക്ക് ബുദ്ധിമുട്ടാണെന്നും അതൊക്കെ ഓർത്തിരിക്കാൻ വലിയ പാടാണെന്നുമാണ് രോഹിതിൻ്റെ ന്യായം. അതേ സമയം, ഉയരം എത്രയെന്ന ചോദ്യത്തിന് രോഹിത് നൽകുന്ന ഉത്തരം തെറ്റാണെന്ന് യുവി പറയുന്നുണ്ട്. വിക്കിപീഡിയയിൽ രേഖപ്പെടുത്തിയിരിക്കുന്നത് രോഹിത് പറഞ്ഞ ഉത്തരം അല്ലെന്ന് യുവി പറയുമ്പോൾ വിക്കിപീഡിയയെ വിശ്വസിക്കരുതെന്ന് രോഹിത് മറുപടി നൽകുന്നു.
യുവി ചോദ്യങ്ങളെല്ലാം ചോദിച്ച് കഴിയുമ്പോൾ രോഹിത് ഒരു മറുചോദ്യം ചോദിക്കുന്നുണ്ട്. ഭാര്യ ഹേസൽ കീച്ചിനെ ആദ്യമായി കണ്ടത് എവിടെ വെച്ചാണെന്ന ചോദ്യത്തിന് യുവി ഉത്തരം നൽകുമ്പോൾ അത് ഹേസൽ കീച്ചിനോട് ചോദിക്കണമെന്നും രോഹിത് പറയുന്നു.
നേരത്തെ, സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുമായി നടത്തിയ ലൈവ് ചാറ്റിനിടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ രോഹിത് ട്രോളിയിരുന്നു. ഇരുവരുടെയും ചാറ്റിനിടെ ഋഷഭ് പന്ത് വന്ന് രോഹിതുമായി ‘സിക്സ് ഹിറ്റിംഗ് ചലഞ്ച്’ നടത്താൻ ആഗ്രഹമുണ്ടെന്ന് കമൻ്റ് ചെയ്തു. വിവരം ബുംറ രോഹിതിനോട് പറഞ്ഞു. ‘അവന്‍ ഒരു വര്‍ഷമായിട്ടൊള്ളൂ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്. എന്നിട്ട് അവന്‍ എന്നോട്ട് മുട്ടാന്‍ വന്നിരിക്കുന്നോ..?’- എന്നായിരുന്നു രോഹിതിൻ്റെ മറുപടി.
Story Highlights: rohit and yuvraj instagram chat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here