പ്രവാസികളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരുകള്‍ ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രവാസികളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മലയാളികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് നാടുകളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മിക്കയിടങ്ങളും കര്‍ഫ്യൂവിന് സമാനമാണ്. ദുസഹമായ ജീവതസാഹചര്യത്തില്‍ ജോലിയും വേതനവും ഇല്ലാതെ കുടുസുമുറികളില്‍ പത്തില്‍ കൂടുതല്‍ പേരാണ് ഭീതിയുടെ നിഴലില്‍ കഴിയുന്നത്. ആകെ ഉണ്ടായിരുന്ന വരുമാനമാര്‍ഗം നിലച്ചു. എത്രനാള്‍ ഈ സ്ഥിതി തുടരുമെന്ന് വ്യക്തമല്ല. പണം അയക്കാന്‍ കഴിയാത്തതിനാല്‍ നാട്ടിലെ കുടുംബാംഗങ്ങളുടെ അവസ്ഥതയും പരിതാപകരമാണ്. രോഗഭീതി അകന്നാലും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെടുമോയെന്ന ഭയം ഒരുവശത്ത്. ഇതെല്ലാം കൂടി കടുത്ത മാനസിക സമ്മര്‍ദമാണ് ഓരോ പ്രവാസിയും അനുഭവിക്കുന്നത്. വല്ലാത്ത അരക്ഷിതബോധം അവരെ വേട്ടയാടുന്നു. അതിന് ആശ്വാസം പകരുന്ന നടപടികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസി മലയാളികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് പ്രഗത്ഭരായ ഡോക്ടമാരുടെ മെഡിക്കല്‍ സംഘത്തെ എത്രയും പെട്ടന്ന് ഗള്‍ഫുനാടുകളിലേക്കയച്ച് പ്രവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താന്‍ നപടി സ്വീകരിക്കണം.

ലേബര്‍ ക്യാമ്പുകളില്‍ രോഗലക്ഷണമുള്ളവരെ ക്വാറന്റീന്‍ ചെയ്യാനുള്ള സൗകര്യമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിന് പരിഹാരം കാണാനായി നയതന്ത്ര ഇടപെടല്‍ വിദേശകാര്യമന്ത്രാലയം എത്രയും വേഗം സ്വീകരിക്കണം.

ഗുരുതരമായ വിവിധ രോഗങ്ങള്‍ക്ക് നാട്ടില്‍ നിന്ന് സുഹ്യത്തുകള്‍ വഴി മരുന്നെത്തിച്ച് കഴിച്ചു വന്നിരുന്ന പ്രവാസികള്‍ പലര്‍ക്കും ഇപ്പോഴത്തെ അവസ്ഥയില്‍ അവിടങ്ങളില്‍ നിന്ന് ഉയര്‍ന്നവിലയ്ക്ക് മരുന്നു വാങ്ങി കഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് വരുമാനം നിലച്ച ചെറിയവരുമാനക്കാരായ പ്രവാസിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അതിനും പരിഹാരം കാണേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights: coronavirus, mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top