Advertisement

അന്ന് ഹർത്താലിൽ അച്ഛന്റെ വിവാഹം ‘ഒതുങ്ങി’..ഇന്ന് മകന്റെ വിവാഹം ലോക്ക്ഡൗണിലും !

April 10, 2020
Google News 1 minute Read

-അൽ അമീൻ

വിവാഹം ജീവിതത്തിൽ ഒരിക്കലേ ഉളളൂ. അതുകൊണ്ടു തന്നെ എന്നും, എല്ലാവരുടെയും ഓർമയിൽ തങ്ങിനിൽക്കും വിധമാകണം വിവാഹച്ചടങ്ങ് എന്നാണ് ഓരോരുത്തരുടെയും ആഗ്രഹം. അതിനായി എന്തു വെറൈറ്റിക്കും തയാറാണ് നാം ഓരോരുത്തരും. എന്നാൽ, ആസൂത്രണം ചെയ്ത വെറൈറ്റികളേക്കാൾ അവിചാരിതമായി മുന്നിലെത്തിയ സംഭവവികാസങ്ങളാൽ വിവാഹച്ചടങ്ങ് വ്യത്യസ്തമായ ഒരു കുടുംബമുണ്ട് തിരുവനന്തപുരം പുലയനാർകോട്ടയിൽ. മുപ്പത് വർഷം മുമ്പ് ഒരു ഹർത്താൽ ദിനത്തിലായിരുന്നു കുടുംബനാഥനായ മധുസൂദനന്റെ വിവാഹം. വർഷങ്ങൾക്കിപ്പുറം, നിശ്ചയിച്ചുറപ്പിച്ച മകന്റെ വിവാഹമാകട്ടെ ലോക്‌ഡൌണ് കാലത്തും.

അച്ചൻറെ വിവാഹം ഹർത്താൽ ദിനത്തിൽ

1990 ഒക്ടോബർ 24. മധുസൂദനൻറെ വിവാഹം നിശ്ചയിച്ചിരുന്നത് ഈ ദിവസമാണ്. ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമെല്ലാം പൂർത്തിയാക്കി അവസാന മണിക്കൂറിലെത്തിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. പെട്ടെന്ന് പ്രഖ്യാപിച്ച ഹർത്താൽ, മണവാളനും മണവാട്ടിക്കും അവരുടെ കുടുംബത്തിനും കനത്ത പ്രഹരമായി. എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കുടുംബം തയ്യാറായില്ല. സ്‌കൂട്ടറിൽ എത്തിയ ബന്ധുക്കളെയും കൂട്ടി, മണവാളനായ മധുസൂദനൻ സ്‌കൂട്ടറോടിച്ച് തന്നെ വിവാഹപ്പന്തലിലേക്ക്. ഹർത്താൽ അനുകൂലികൾ പോസ്റ്റുകളും തടികളും ഇഷ്ടികക്കഷണങ്ങളും ഒക്കെ വെച്ച് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു അന്ന്. ആ പ്രതിബന്ധങ്ങളൊക്കെ മറികടന്നാണ് മണവാളനും സംഘവും വിവാഹപ്പന്തലിലെത്തിയത്.

പെൺവീട്ടുകാരും കുടുംബവും തലേദിവസം തന്നെ ഓഡിറ്റോറിയത്തിലെത്തിയിരുന്നു. അങ്ങനെ മുപ്പതിൽ താഴെ മാത്രം ബന്ധുക്കളുടെ സാന്നിധ്യത്തിൽ മധുസൂദനൻ സുനിതയുടെ കഴുത്തിൽ മിന്നുകെട്ടി. ചടങ്ങുകൾ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ നവവധു ഉൾപ്പെടെ അടുക്കളയിൽക്കയറി പാചകം ചെയ്താണ് അന്നവർ ‘വിവാഹ സദ്യ’ ഉണ്ടത്. ഈ വിവാഹം അന്ന് വാർത്തയാവുകയും ചെയ്തിരുന്നു. പത്രങ്ങളിൽ വന്ന വാർത്ത ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുമുണ്ട് ഇവർ.

മൂന്നുപതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ട്വിസ്റ്റ്

മധുസൂദനന്റെയും സുനിതയുടെയും മകൻ അരുൺപ്രകാശിന്റെ വിവാഹം ഈ മാസം 19 നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, തൊണ്ണൂറുകളിലെ ആ അനുഭവം വീണ്ടും ‘വേട്ടയാടുകയാണ്’ ഈ കുടുംബത്തെ. ലോക്ക്ഡൗൺ വ്യാപനം കണക്കിലെടുത്ത് വിവാഹച്ചടങ്ങിനുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് കുടുംബത്തെ തെല്ലൊന്ന് വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ, കൊറോണ ലോക്ക് ആക്കാൻ ശ്രമിച്ചാലും ഡൗണാകാൻ തങ്ങളില്ലെന്നതാണ് ഈ കുടുംബത്തിന്റെ നിലപാട്. നിയന്ത്രണങ്ങൾക്ക് വിധേയമായി മകന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചത് പോലെ നടത്താൻ തന്നെയാണ് തീരുമാനം. നിയന്ത്രണങ്ങൾക്കുളളിൽ നിന്ന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.

അച്ഛന്റെയും മകന്റെയും വിവാഹങ്ങൾക്ക് ഹർത്താലും ലോക്ക്ഡൗണും പ്രതിബന്ധങ്ങളായത് അവിചാരിതമായിരിക്കാം. എന്നാൽ, നിശ്ചയിച്ചുറപ്പിച്ച തീരുമാനവുമായി മുന്നോട്ടുപോകാനുളള ഇവരുടെ നിലപാടിന് നൽകാം ഒരു ബിഗ് സല്യൂട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here