Advertisement

എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 2951 പേര്‍

April 10, 2020
Google News 1 minute Read

എറണാകുളം ജില്ലയില്‍ വീടുകളില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 2951 പേരാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ഇന്ന് ജില്ലയില്‍ 10 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 44 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2951 ആയി. ഇതില്‍ 2855 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും 96 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് ജില്ലയില്‍ മൂന്ന് പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ്. നിലവില്‍ 24 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 12 പേര്‍ മെഡിക്കല്‍ കോളജിലും, രണ്ട് പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, നാല് പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, രണ്ട് പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, നാല് പേര്‍ സ്വകാര്യ ആശുപത്രിയിലും ഉണ്ട്. നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ ഏഴ് പേരാണ് കൊവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.

ഇന്ന് ജില്ലയില്‍ നിന്ന് 34 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 85 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിച്ചതില്‍ ഒന്നും പോസിറ്റീവ് ഇല്ല. ഇനി 108 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ഇന്ന് 185 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 116 കോളുകളും പൊതുജനങ്ങളില്‍ നിന്നും 36 ഫോണ്‍ വിളികള്‍ അതിഥി തൊഴിലാളികളില്‍ നിന്നുമായിരുന്നു. ഏപ്രില്‍ 15 ന് ലോക്ക്ഡൗണ്‍ കഴിഞ്ഞ് കേരളത്തിലേക്ക് വരന്‍ കഴിയുമോ എന്നന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ വിളികള്‍ ഇന്നുമെത്തി. കൂടാതെ ലോക്ക്ഡൗണിന് ശേഷം യാത്രക്കരെ കൊണ്ട് പോകാന്‍ തടസമുണ്ടാകുമോ എന്നന്വേഷിച്ച് ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും വിളികളെത്തി.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി വീഡിയോ കോണ്‍ഫറസ് സംഘടിപ്പിച്ചു കൊവിഡ് പ്രതിരോധം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ വിശദീകരിച്ചു. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി.

കൊറോണ ബോധവത്കരണ പ്രവത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ നിരീക്ഷണ കാലാവധി, ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയുന്നത്, പരിശോധന, നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കല്‍ തുടങ്ങിയവയെക്കുറിച്ചുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിറവം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, വരാപ്പുഴ, കാലടി, വേങ്ങൂര്‍ എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കും പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here