ആലുവ വൻ വ്യാജ മദ്യ വേട്ട; വ്യാജ ലേബൽ പതിച്ച 50 ലേറെ കുപ്പികൾ എക്‌സൈസ് പിടിച്ചെടുത്തു

ആലുവ കുന്നത്തേരി ഭാഗത്ത് നിന്ന് വൻതോതിൽ വ്യാജമദ്യം പിടിച്ചെടുത്തു. മദ്യകമ്പനികളുടെ വ്യാജ ലേബൽ പതിച്ച 50 ലേറെ കുപ്പികളാണ് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടികെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കണ്ടു പിടിച്ചത്. ആരേയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല.

ലോക്ക് ഡൗൺ സമയത്ത് വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എഎസ് രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ പ്രത്യേക ഷാഡോ സംഘത്തെ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം നീരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വ്യാജലേബലുകൾ പതിച്ച ഒഴിഞ്ഞ ഒരു മദ്യക്കുപ്പി കുന്നത്തേരി പരിസരത്ത് നിന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു. സാനിറ്റെസെർ അടങ്ങിയ കുപ്പി ആണ് എന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ മദ്യമാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണ് ആലുവ കുന്നത്തേരി ഭാഗത്തെ ആൾ പാർപ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ച് വച്ച നിലയിൽ വ്യാജമദ്യ ശേഖരം കണ്ടെത്തിയത്.

ഷാഡോ ടീമംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലർന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു. വ്യാജമായി മദ്യം നിർമിക്കുക, മദ്യത്തിന്റെ ലേബലുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നത് ഗുരുതരമായ കുറ്റ കൃത്യമായതിനാൽ ഇത് അതീവ ഗൗരവമായി കാണുന്നതായി എക്‌സൈസ് ഉന്നതർ അറിയിച്ചു.

ഈസ്റ്റർ , വിഷു എന്നിവ പമാണിച്ച് കൊണ്ട് വന്ന് വച്ചതാകാമെന്ന് അധികൃതർ പറഞ്ഞു. ഈ വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും, ആലുവ പരിസരത്ത് വ്യാജമദ്യ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും, കുറ്റക്കാരായവരെ ഉടൻ പിടി കൂടുമെന്നും ഇൻസ്‌പെക്ടർ ടി.കെ. ഗോപി അറിയിച്ചു. ഇൻസ്‌പെക്ടർ ടികെ ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ, ഷാജി. എകെ ഷാഡോ ടീം അംഗങ്ങളായ എൻഡി ടോമി, എൻജി അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, വികാന്ദ് , നീതു എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്തത്.

Story highlight: liquor racket in Aluva Excise seized more than 50 bottles with fake label

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top