കാരുണ്യ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നു ക്ഷാമം രൂക്ഷം

സംസ്ഥാനത്തെ കാരുണ്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മരുന്നു ക്ഷാമം രൂക്ഷം. ലോക്ക് ഡൗണ്‍ ആയതോടെ കാരുണ്യ ഫാര്‍മസിയിലേക്ക് മരുന്നു ലഭിക്കാത്തതാണ് ഗുരുതര പ്രതിസന്ധിക്ക് കാരണം. വന്‍വിലയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങാനാകാതെ നിര്‍ധനരായ രോഗികള്‍ പ്രതിസന്ധിയിലായി.
ജീവന്‍ രക്ഷാ മരുന്നുകളടക്കം ചുരുങ്ങിയ വിലയ്ക്കാണ് സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്നുള്ള കാരുണ്യ ഫാര്‍മസികളില്‍ നിന്നും ലഭിച്ചിരുന്നത്. മരുന്നുകള്‍ക്കായി ഉയര്‍ന്ന തുക ചെലവാക്കാന്‍ കഴിയാത്ത നിര്‍ധനരായ രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്നു കാരുണ്യ ഫാര്‍മസികള്‍. കാരുണ്യ ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഫാര്‍മസികളില്‍ നിന്നും സൗജന്യമായാണ് മരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായി ഫാര്‍മസികളില്‍ മരുന്നില്ല. ലോക്ക് ഡൗണ്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും മരുന്നുക്ഷാമം രൂക്ഷമായി.
ഗുരുതരമായ വിവിധ രോഗങ്ങളുമായി വിവിധ മരുന്നു തേടിയെത്തുന്നവര്‍ക്ക് പലപ്പോഴും ഒന്നോ രണ്ടോ ഇനം മരുന്നുകള്‍ മാത്രമാണ് ലഭിക്കുന്നത്. പല ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇവിടെ ലഭ്യമല്ല.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഡോക്ടര്‍മാരെ കണ്ട് പകരം മരുന്നുകള്‍ എഴുതിക്കാനും കഴിയുന്നില്ല. ഇതോടെ വന്‍വില ഈടാക്കുന്ന സ്വകാര്യമെഡിക്കല്‍ സ്‌റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.
അതേ സമയം, സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേര്‍ വീതം കണ്ണൂര്‍, കാസർഗോഡ് സ്വദേശികളാണ്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തര്‍ക്കും മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. 13 പേരുടെ റിസള്‍ട്ട് ഇന്നലെ നെഗറ്റീവായി.
Story Highlights: medicine shortage in karunya medical store
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here