മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് പിന്തുണയുമായി സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി

കൊവിഡ് 19 വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് പിന്തുണയുമായി സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി. ക്വാറന്റീനിലും ഐസൊലേഷനിലും ആയിരിക്കുന്നവര്‍, പ്രതിരോധ ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍, അതിഥി തൊഴിലാളികള്‍, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലേക്കാണ് ഹെല്‍പ്പ് ലൈനിലൂടെ അതോറിറ്റി മാനസിക കരുത്ത് പകരുന്നത്.

ഏകദേശം 1.81 ലക്ഷം പേര്‍ക്ക് ഇതിനോടകം മാനസിക പിന്തുണയേകി. അതില്‍ ക്വാറന്റീനിലും ഐസൊലേഷനിലും ആയിരിക്കുന്നവരും ഉള്‍പ്പെടും. പിരിമുറുക്കം, ഉത്കണ്ഠ, അപമാനം, ഉറക്കക്കുറവ് തുടങ്ങിയ മാനസിക അസ്വസ്ഥതകളാണ് ഇത്തരക്കാര്‍ നേരിടുന്നത്. അവരെ മനസിലാക്കുകയും 74,463 പേരെ തുടര്‍ന്നും വിളിച്ചു പിന്തുണയേകിയതായും മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി എസ് അറിയിച്ചു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ ആരോഗ്യ പരിരക്ഷാ മേഖലയിലുള്ളവര്‍ക്കായി കൗണ്‍സലിംഗും മാനസിക പിന്തുണയും നല്‍കുന്നതിനായി ഹെല്‍പ് ലൈനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ സേവനം മറ്റും സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ലോക്ഡൗണുമായി ബന്ധപ്പെട്ട് മാനസിക സംഘര്‍ഷം നേരിടുന്നുണ്ട്. കൊവിഡ് 19 വെല്ലുവിളിയായിരിക്കുന്ന ഈ സാഹചര്യത്തില്‍ മാനസിക പിന്തുണ അനിവാര്യമാണ്. ഫെബ്രുവരി 4 ന് ഡിസ്ട്രികറ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മാനസിക, സാമൂഹിക പിന്തുണയേകുന്നതിനായി വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മനസികരോഗ വിദഗ്ധര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍മാര്‍ എന്നിവരുള്‍പ്പെടെ സംസ്ഥാനത്ത് 1,058 വ്യക്തികളാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top