ലോക്ക് ഡൗണിൽ കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാൻ ഇരുചക്രവാഹനത്തിൽ 1400 കിലോമീറ്റർ സഞ്ചരിച്ച് ഒരമ്മ

കൊവിഡ് 19 പ്രതിരോധിക്കാനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ 17 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ലോക്ക് ഡൗണിൽ കുടുങ്ങിയ ആളുകളുടെ വാർത്തകൾ രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മറ്റൊരു വാർത്ത ജനശ്രദ്ധ നേടുന്നത്. ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ മകനെ നാട്ടിലെത്തിക്കാൻ ഇരുചക്ര വാഹനത്തിൽ 1400 കിലോമീറ്റർ സഞ്ചരിച്ച ഒരമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
തെലങ്കാനയിലെ നിസാമാബാദിലുള്ള ബോധനിൽ നിന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കും അവിടെ നിന്ന് തിരികെയുമാണ് 48 കാരിയായ റസിയ ബീഗം യാത്ര ചെയ്തത്. നിസാമാബാദിലെ സുഹൃത്തിൻ്റെ വീട്ടിൽ കുടുങ്ങിയ 19കാരനായ മകൻ മുഹമ്മദ് നിസാമുദ്ദീനെ
കൊണ്ടുവരാനായിരുന്നു സർക്കാർ സ്കൂൾ പ്രധാനാധ്യാപികയായ ഇവരുടെ യാത്ര. ഹൈദരാബാദിലെ നാരായണ മെഡിക്കൽ അക്കാദമിയിലെ വിദ്യാർത്ഥിയാണ് നിസാമുദ്ദീൻ.
വീട്ടിലെ ഒരു അംഗത്തിന് സുഖമില്ലാതായതിനെ തുടർന്ന് വീട്ടിലേക്ക് വരാൻ നിസാമുദ്ദീൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ, അവിചാരിതമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ടിക്കറ്റ് ക്യാൻസലായി. തുടർന്ന് പല തരത്തിൽ നാട്ടിലെത്താൻ നിസാമുദ്ദീൻ ശ്രമം നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് അമ്മ ഈ ദൗത്യം ഏറ്റെടുത്തത്.
ഏതാണ്ട് 24 മണിക്കൂർ യാത്ര ചെയ്താണ് റസിയ തൻ്റെ മകനെ തിരികെ കൊണ്ടുവന്നത്. മകനെപ്പറ്റിയുള്ള ആധിയായിരുന്നു തനിക്കെന്നും ഒപ്പമുണ്ടെങ്കിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് തനിക്ക് ഉറപ്പു വരുത്താൻ കഴിയുമെന്നതു കൊണ്ടാണ് ഇത്തരം ഒരു സാഹസത്തിനു മുതിർന്നതെന്നും അവർ പറഞ്ഞു. നിയന്ത്രണങ്ങൾ 14ന് അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്തകൾ വന്നത്. ഇതോടെ വണ്ടി എടുത്ത് ഇറങ്ങുകയായിരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു.
Story Highlights: Telangana mom makes 1400-km round-trip on scooty to bring home son stranded in Andhra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here