Advertisement

കേരളത്തിലെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ

April 10, 2020
Google News 1 minute Read

സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ. 95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശിയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി നേടുന്നത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്‌സി ഗണത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം കാസർഗോഡ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവർത്തകർക്ക് ഊർജം നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ എൻക്യുഎഎസ് അംഗീകാരം നേടിയെടുത്തത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം വരാനുണ്ട്. ഇതു കൂടാതെ 88 ആശുപത്രികളുടെ കൂടി സംസ്ഥാന തല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ജില്ലാ തല ആശുപത്രികളുടെ ഗണത്തിൽ ഡബ്ല്യൂ & സി കോഴിക്കോട് 96 ശതമാനം പോയിന്റുകൾ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തിൽ 98.7 ശതമാനം പോയിന്റുകൾ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയിൽ ഒന്നാമതെത്തി. 12 സ്ഥാപനങ്ങൾക്ക് എൻക്യൂഎഎസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ഒരു ഡസൻ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം നേടി എടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി മാറി.

സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടിവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എൻ.എച്ച്.എസ്.ആർ.സി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ് അംഗീകാരത്തിന് 3 വർഷകാലാവധിയാണ് ഉളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്‌സ് ലഭിക്കും.

Story Highlights – Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here