കൊവിഡ് : മുംബൈയില്‍ 24 മണിക്കൂറിനിടെ 218 കേസുകള്‍, പത്ത് മരണം

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1574 ആയി. 110 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. വിവിധ ആശുപത്രികളിലായി നൂറിലധികം ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്.
മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 218 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 10 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 993 ആണ്. 64 പേരാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 22 ആയത്തോടെ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് ബിഎംസി ശ്രമിക്കുന്നത്. ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ചു. ചേരിയില്‍ തടിച്ചുകൂടി താമസിക്കുന്നവരെ സാമൂഹ്യ അകലം പാലിക്കാനായി അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതാണ് മുംബൈയിലെ മറ്റൊരു പ്രതിസന്ധി. നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതോളം പേര്‍ മലയാളികളാണ്. ദാദര്‍ വെസ്റ്റില്‍ ശുശ്രൂഷ ആശുപത്രി പൂര്‍ണമായും ഭാട്യ ആശുപത്രി ഭാഗികമായും അടച്ചു. ഭാട്യയിലെ 70 നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാന്‍ മുംബൈ കോര്‍പ്പറേഷന് പുറമേ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 15 ഇടങ്ങള്‍ അതിതീവ്ര നിരീക്ഷണ മേഖലയായും,കല്യാണ്‍ കോര്‍പ്പറേഷനിലെ ഡോംബിവല്ലി ഈസ്റ്റ് മേഖലയെ ഹോട്ട്‌സ്‌പോട്ടായും പ്രഖ്യാപിച്ചു.
മുംബൈ വിരാറില്‍ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് രോഗം സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി. മുംബൈ പോലെയുള്ള മഹാനഗരത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നത്. പൂനെയിലും രോഗ ബാധിതരുടെ എണ്ണവും മരണസംഖ്യ വര്‍ധിക്കുകയാണ്.
Story Highlights- covid19, coronavirus, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here