Advertisement

പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകും; മുഖ്യമന്ത്രി

April 11, 2020
Google News 0 minutes Read

കൊവിഡ് 19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് എന്നിവർ പ്രവാസികൾക്കായി ആശ്വാസ സഹായങ്ങൾ നൽകും. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷനു പുറമെ ഒറ്റതവണ ധനസഹായമായി 1,000 രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്തി പിണറായി വിജയൻ.

ഏകദേശം 15,000 പേർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും ക്ഷേമനിധിയിൽ അംഗങ്ങളായ, കൊവിഡ് പോസിറ്റീവായ എല്ലാവർക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ക്ഷേമനിധി ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് സഹായങ്ങൾ നൽകുക.

2020 ജനുവരി ഒന്നിനു ശേഷം വാലിഡ് പാസ്‌പോർട്ട്, ജോബ് വിസ എന്നിവയുമായി വിദേശരാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തി ലോക്ക്ഡൗൺ കാരണം തിരിച്ചുപോകാൻ സാധിക്കാത്തവർക്കും ലോക്ക്ഡൗൺ കാലയളവിൽ വിസ കാലാവധി തീർന്നവർക്കും (മാർച്ച് 26 മുതൽ സർക്കാർ തീരുമാനം വരെ) 5000 രൂപ അടിയന്തര സഹായം നോർക്ക നൽകും. സാന്ത്വന പദ്ധതിയിലെ രോഗങ്ങളുടെ പട്ടികയിൽ കൊവിഡ് 19 ഉൾപ്പെടുത്തി, കൊവിഡ് പോസിറ്റീവായതും എന്നാൽ, ക്ഷേമനിധി സഹായം ലഭ്യമാകാത്തവരുമായ പ്രവാസികൾക്ക് 10,000 രൂപ സഹായം നൽകും.

മാത്രമല്ല, പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ നമ്മുടെ എല്ലാവരുടെ മനസിലും വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയുള്ളവരാണ് നാം. ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലും നടത്തുക എന്നതാണ് ഇപ്പോൾ മുന്നിലുള്ള വഴിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസലോകത്ത് നിന്ന് വരുന്ന ഓരോ പ്രശ്‌നങ്ങളും കേന്ദ്ര ഗവൺമെന്റിന്റെയും എംബസിയുടെയും പ്രവാസലോകത്തു തന്നെ ഇടപെടുന്ന മലയാളി സംഘടനകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ചികിത്സ, ഭക്ഷണം, സുരക്ഷിതമായ താമസസ്ഥലം ഇവ ഉറപ്പുവരുത്താനാണ് പ്രാഥമികമായി ശ്രമിക്കുന്നത്. ഓരോരുത്തരും പൂർണ മനസ്സോടെ പങ്കാളികളാകേണ്ട ഒരു യത്‌നമാണ് ഇത്. ഇവിടെ മറ്റെല്ലാ ഭിന്നതകളും മാറ്റിവെയ്‌ക്കേണ്ടതുണ്ട്. പ്രവാസലോകത്തുനിന്നുള്ള ഏതു വിഷയങ്ങളും കേൾക്കാനും സാധ്യമായ ഇടപെടലുകൾ നടത്താനും നോർക്കയും സർക്കാരും സദാ ജാഗരൂകരായി നിൽക്കുന്നുണ്ട് എന്ന കാര്യം ആവർത്തിച്ചു വ്യക്തമാക്കുകയാണ്. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളോട് പറയാനുള്ളതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here