മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി

കൊവിഡ് ഏറ്റവും അധികം ദുരന്തം വിതച്ച മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്. ചില ഇളവുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും എന്നാൽ ആളുകളുടെ പെരുമാറ്റം പരിഗണിച്ച് മാത്രമേ അക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ഏപ്രിൽ പതിനാല് വരെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ നീട്ടിയേ മതിയാകൂ. കഴിയുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മിക്ക മുഖ്യമന്ത്രിമാരും ലോക്ക് ഡൗൺ നീട്ടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചത്. ലോക്ക് ഡൗൺ നീട്ടരുത് എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടത്. കേരളത്തിൽ ലോക്ക് ഡൗൺ പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top