കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡല്‍ ; അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി കേരളം

കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍. വികസിത രാജ്യങ്ങള്‍ക്ക് പോലും കാലിടറിയ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റേത് ഫലപ്രദമായ മാതൃകയാണെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ. കേരളം കൊവിഡിനെ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ പരമാര്‍ശിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം.

കൂടുതല്‍ പരിശോധനകള്‍, രോഗികളെ ക്വാറന്റീന്‍ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഒരോ പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പഠിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം. 30 വര്‍ഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളത്തിലുണ്ടായ പുരോഗതിയെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത ആരോഗ്യ ബോധവത്കരണത്തിന് സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയില്‍ കേരളത്തില്‍ കൂടുതല്‍ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഏപ്രില്‍ ആദ്യവാരം 13,000ലേറെ പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ് 6000, തമിഴ്‌നാട് 8000 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്.
വാക്ക്-ഇന്‍ കൊറോണ വൈറസ് ടെസ്റ്റിംഗ് കിയോസ്‌കുകള്‍ ഉപയോഗിച്ച് സ്രവം ശേഖരിക്കുന്നതിനെപറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി 2.6 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ്, ധനസഹായം, സൗജന്യ ഭക്ഷണം, ജനകീയ അടുക്കള തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടാനും കേരളത്തിന് സാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Story Highlights – Washington Post praises Kerala for flattened the coronavirus curve

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top