കൊല്ലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഫിഷറീസ് വകുപ്പിന്റെ മത്സ്യകച്ചവടം

കൊല്ലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഫിഷറീസ് വകുപ്പിന്റെ അന്തിപച്ചയുടെ മത്സ്യകച്ചവടം. നൂറ് കണക്കിന് ആളുകളാണ് അന്തിപച്ചയിൽ നിന്നും മത്സ്യം വാങ്ങാനായി കൊല്ലം കാവനാട് ജംഗ്ഷനിൽ തടിച്ച് കൂടിയത്. മീൻ വാങ്ങാൻ എത്തിയവരിൽ ഭൂരിഭാഗം ആളുകളും സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് എത്തിയത്.

രാവിലെ എട്ട് മണി മുതൽ പത്ത് മണി വരെയാണ് ഫിഷറീസ് വകുപ്പിന്റെ അന്തിപച്ച വാഹനം മത്സ്യകച്ചവടത്തിനായി കാവനാട് ജംഗ്ഷനിൽ എത്തിയത്. എന്നാൽ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാതെയായിരുന്നു ഇവിടുത്തെ മീൻ കച്ചവടം. നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഏകദേശം നാനൂറിലേറെ പേരാണ് ഒരേസമയം മീൻ വാങ്ങാൻ എത്തിയത്. നിശ്ചിത അകലം പാലിക്കാതെയും മാസ്‌ക്കുകൾ ധരിക്കാതെയുമാണ് ആളുകൾ ക്യൂവിൽ നിന്നത്. ഇവരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരോ വോളണ്ടിയർമാരോ ഉണ്ടായിരുന്നില്ല. ഒരു എസ്‌ഐയും രണ്ട് ട്രെയിനി പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.

പലരും പൊലീസ് പറയുന്നത് കൂട്ടാക്കാതെ അവരോട് തട്ടി കയറുന്നതും ഇവിടുത്തെ കാഴ്ചയായിരുന്നു. കൂടുതൽ പൊലീസ് എത്തിയ ശേഷമാണ് ആളുകളെ നിയന്ത്രിച്ച് നിരയായി നിർത്തിയത്. കച്ചവടത്തിനായി രണ്ട് ജീവനക്കാർ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ജില്ലയിൽ നാല് അന്തിപച്ച വാഹനങ്ങളാണ് മത്സ്യ കച്ചവടത്തിനായി നിരത്തിലുള്ളത്. വിവിധ പ്രദേശങ്ങളിലായി രണ്ട് മണിക്കൂർ വീതം എല്ലാ ദിവസവും മത്സ്യ കച്ചവടം നടത്തുമെന്ന് ഫിഷറീസ് വകുപ്പിന്റെ അറിയിപ്പും മാധ്യമങ്ങളിലൂടെ നൽകിയിരുന്നു.

Story highlights- fish sale kollam,lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top