വിദേശത്തു നിന്ന് വന്ന നാല് മലയാളികൾ ഡൽഹിയിൽ കുടുങ്ങി; കൊവിഡ് സംശയിക്കുന്നവരോടൊപ്പം താമസിപ്പിക്കുന്നു എന്ന് ആരോപണം

വിദേശത്തു നിന്ന് വന്ന നാല് മലയാളികൾ ഡൽഹിയിൽ കുടുങ്ങി. ഡൽഹി നരേലയിലെ ക്യാമ്പിലാണ് വൃദ്ധർ ഉൾപ്പെടെയുള്ള നാല് മലയാളികൾ കുടുങ്ങിയത്. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കൊവിഡ് 19 സംശയിക്കുന്നവരോടൊപ്പമാണ് തങ്ങളെ താമസിപ്പിക്കുന്നതെന്ന് ഇവർ പരാതിപ്പെടുന്നു.
60 വയസ്സ് കഴിഞ്ഞ് 4 മുതിർന്ന പൗരന്മാരാണ് ഡൽഹിയിൽ കുടുങ്ങിയത്. കഴിഞ്ഞ 14ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടു പോയ ഇവരെ ക്വാറൻ്റീനിലാക്കി. എന്നാൽ ക്വാറൻ്റീൻ കാലാവധി അവസാനിച്ചിട്ടും അവർക്ക് നാട്ടിലെത്താൻ സാധിച്ചിട്ടില്ല. ക്യാമ്പ് അധികൃതർ ഇവർക്ക് പോകാനുള്ള അനുവാദം നൽകിയെങ്കിലും ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വാഹനസൗകര്യങ്ങളോ മറ്റോ ലഭിക്കുന്നില്ല.
അതേ സമയം, ക്വാറൻ്റീൻ കാലാവധി കഴിഞ്ഞിട്ടും തങ്ങളെ രോഗബാധ സംശയിക്കുന്നവർക്കൊപ്പം താമസിപ്പിച്ചിരിക്കുകയാണെന്നാണ് ഇവരുടെ പരാതി. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരും സമാന അവസ്ഥയിൽ ഇവിടെ ഉണ്ട്.
മാർച്ച് 19ന് കാനഡയിൽ നിന്നു വന്ന ലിസമ്മക്ക് പറയാനുള്ളത് ഇങ്ങനെ:
“മാർച്ച് 20ന് ഞാൻ ഡൽഹി എയർപോർട്ടിലെത്തി. 60 കഴിഞ്ഞവരെ ക്വാറൻ്റീൻ ചെയ്യണമെന്ന് നിർദ്ദേശമുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കയ്യിൽ ഫോണില്ലെന്നും വീട്ടുകാർ കാത്തിരികുകയാണെന്നും ഞാൻ പറഞ്ഞു. അത് നിരസിച്ച ആരോഗ്യപ്രവർത്തകർ എന്നെ വാഹനത്തിൽ കയറ്റി നരേലയിലെത്തിച്ചു. മറ്റ് പലരോടൊപ്പം മാർച്ച് 21നാണ് അവിടെ എത്തിയത്. ലഗേജ് മുകളിൽ എത്തിക്കാൻ പലരോടും സഹായം തേടിയെങ്കിലും ആരും എത്തിയില്ല. അവസാനം, ഒന്ന് രണ്ട് സ്ത്രീകൾ സഹായത്തിനെത്തി. 9ആം നിലയിലായിരുന്നു മുറി. അറിയിപ്പുകളൊക്കെ ഹിന്ദിയിൽ ആയതുകൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം മുടങ്ങി. വിവരം അറിഞ്ഞ് വീട്ടുകാർ മൊബൈൽ ഫോൺ എത്തിച്ചു നൽകി. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ് 15ആം ദിവസം പരിശോധന നടത്തി. നെഗറ്റീവാണെന്ന് റിസൽട്ട് വന്നു. അന്ന് രാത്രി തന്നെ ബാക്കിയുള്ള ഭൂരിപക്ഷം ആളുകളും മടങ്ങി. ഞാൻ താമസിക്കുന്ന 9ആം നിലയിൽ ഞാൻ മാത്രമേയുള്ളൂ ഇപ്പോൾ.”
Story Highlights: 4 malayalis in delhi camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here