രാജ്യത്ത് ആകെ 8,447 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 918 പേര്‍ക്ക്

രാജ്യത്ത് 8,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 31 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 273 ആയി. മഹാരാഷ്ട്രയ്ക്കു പുറമേ തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് കൊവിഡില്‍ നിന്ന് 765 പേരാണ് രോഗമുക്തി നേടിയത്. 7,409 പേര്‍ ചികിത്സയിലുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പിന്നാലെ തമിഴ്‌നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 1,895, ഡല്‍ഹിയില്‍ 1,154 , തമിഴ്‌നാട്ടില്‍ 1075 , മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. ഡല്‍ഹിയിലും, തമിഴ്‌നാട്ടിലും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 13ഉം, ഡല്‍ഹിയില്‍ 42 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചതായിട്ടാണ് സര്‍ക്കാര്‍ കണക്കുകള്‍. 400 പേരാണ് ഡല്‍ഹിയില്‍ നിരീക്ഷണത്തിലുള്ളത്.
രോഗികളെ ചികിത്സിക്കുമ്പോള്‍ നടപ്പാക്കേണ്ട കൊവിഡ് പ്രോട്ടോകോള്‍ നടപ്പാക്കുന്നതില്‍ ആശുപത്രികള്‍ വരുത്തിയ വീഴ്ച്ചയാണ് ഈ സാഹചര്യത്തിന് കാരണമെന്ന് നഴ്‌സസ് അസോസിയേഷന്‍ പറയുന്നു. മഹാരാഷ്ട്രക്ക് പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി എന്നിവയാണ് മരണസംഖ്യ ഉയര്‍ന്ന സംസ്ഥാനങ്ങള്‍. കര്‍ണാടകത്തില്‍ ഇന്ന് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 17 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
രോഗ വ്യാപനത്തില്‍ അതിതീവ്ര മേഖലയായി കണക്കാക്കിയ ഇടങ്ങളില്‍ നിയന്ത്രണവും പരിശോധനയും കര്‍ശനമാക്കി. അതിനിടെ പഞ്ചാബ് പട്യാലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യംചെയ്ത് പട്യാല എഎസ്‌ഐയെ ഏഴംഗ സംഘം അക്രമിച്ചു. അക്രമികള്‍ വെട്ടി മാറ്റിയ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികളെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here