ബിഹാറിൽ സിപിഐഎം നേതാവിനെ വെടിവച്ച് കൊന്നു

സിപിഐഎം നേതാവും കർഷക നേതാവുമായ ജഗ്ദിഷ് ചന്ദ്ര ബസുവിനെ വെടിവച്ചുകൊന്നു. ബിഹാറിലെ ഖഗാരിയ ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സിപിഐഎം ഖഗാരിയ ജില്ല സെക്രട്ടറിയേറ്റ് അംഗവും ആൾ ഇന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറിയുമാണ് ജഗ്ദിഷ്. അദ്ദേഹത്തിന് നേരെ മുൻപും വധഭീഷണികളുണ്ടായിരുന്നു. ചില കൊലപാതകങ്ങളുമായി ബന്ധപ്പെട്ടവർക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തെ തുടർന്നായിരുന്നു വധഭീഷണി. ഭൂപ്രഭുക്കൻമാർക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ ഭൂമാഫിയ അദ്ദേഹത്തെ നോട്ടമിട്ടിരുന്നു എന്ന് കിസാൻ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജഗ്ദിഷിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബിഹാറില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സിപിഐഎം നേതാവാണ് ജഗ്ദിഷ് ചന്ദ്ര ബസു. ഫെബ്രുവരി 18ന് സിപിഐഎം ബെഗുസരായി ജില്ലാ കമ്മിറ്റിയംഗം രാജീവ് ചൗധരി കൊല്ലപ്പെട്ടിരുന്നു.
Story highlights-cpim leader, shot dead in bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here