വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി; വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണം

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ സന്ദേശം കൂടിയാണ് പകര്‍ന്നുനല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷു ആഘോഷത്തിന്റെ പ്രധാന ഭാഗം വിഷുക്കൈനീട്ടം ആണ്. വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാന്‍ എല്ലാവരും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിലില്‍ തന്നെ വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുകയാണ്. ആ മഹത്തായ സങ്കല്‍പവും ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയാക്കണം. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേമനസോടെ നിര്‍വഹിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ രോഗമുക്തരായി. കാസര്‍ഗോഡ് ജില്ലയില്‍ 12 പേരുടെയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ മൂന്ന് പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്.

ഇതുവരെ സംസ്ഥാനത്ത് 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 178 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഒരുലക്ഷത്തി പന്ത്രണ്ടായിരത്തി നൂറ്റി എണ്‍പത്തിമൂന്നുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി അറുപത്തിയെട്ട് പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 15683 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top