Advertisement

ജാഗ്രതയില്‍ കുറവ് വരുത്തരുത്; ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും: മുഖ്യമന്ത്രി

April 13, 2020
Google News 1 minute Read

കൊവിഡിനെതിരായ ജാഗ്രതയില്‍ തരിമ്പുപോലും കുറവ് വരുത്താനുള്ള അവസ്ഥ നമ്മുടെ മുന്‍പിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എങ്ങനെ വേണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാവിലെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ രോഗമുക്തരായി. കാസര്‍ഗോഡ് ജില്ലയില്‍ 12 പേരുടെയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ മൂന്ന് പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് ഇന്ന് രോഗമുക്തരായത്.

ഇതുവരെ സംസ്ഥാനത്ത് 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 178 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഒരുലക്ഷത്തി പന്ത്രണ്ടായിരത്തി നൂറ്റി എണ്‍പത്തിമൂന്നുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി അറുപത്തിയെട്ട് പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 15683 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here