നേരിട്ടിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർ മുഹമ്മദ് ആസിഫ്: കെവിൻ പീറ്റേഴ്സൺ

താൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർ പാകിസ്താൻ്റെ മുഹമ്മദ് ആസിഫാണെന്ന് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. തൻ്റെ വിക്കറ്റ് വീഴ്ത്തുന്ന മുഹമ്മദ് ആസിഫിൻ്റെ പഴയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് പീറ്റേഴ്സൺ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.

‘ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിനു വിലക്ക് ലഭിച്ചത് ഒരുപാട് ബാറ്റ്സ്മാന്മാർക്ക് സന്തോഷമായിട്ടുണ്ടാവണം. ഞാൻ നേരിട്ടതിൽ ഏറ്റവും മികച്ച ബൗളറായിരുന്നു അദ്ദേഹം. അദ്ദേഹത്തെ എനിക്ക് പിടികിട്ടിയിരുന്നതേയില്ല’- പീറ്റേഴ്സൺ കുറിച്ചു.

2011ലാണ് വാതുവെപ്പിനെ തുടർന്ന് മുഹമ്മദ് ആസിഫിനെ ക്രിക്കറ്റിൽ നിന്ന് വിലക്കിയത്. 7 വർഷത്തെ വിലക്ക് ലഭിക്കുന്നതിനു മുൻപ് 23 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 106 വിക്കറ്റുകൾ ആസിഫ് വീഴ്ത്തിയിരുന്നു. 38 ഏകദിന മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റുകളും 11 ടി-20കളിൽ നിന്ന് 13 വിക്കറ്റുകളും ആസിഫ് നേടി. 2008ലെ ആദ്യ ഐപിഎൽ എഡിഷനിൽ ഡെക്കാൺ ചാർജേഴ്സിനു വേണ്ടിയും ആസിഫ് പന്തെറിഞ്ഞിട്ടുണ്ട്.

അതേ സമയം, പാകിസ്താനിൽ കൊവിഡ് 19 ബാധിച്ച് ഇതുവരെ 93 പേർ മരണപ്പെട്ടു. 5374 പേരാണ് രാജ്യത്ത് ഇതുവരെ അസുഖം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 334 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 1095 പേർ രോഗമുക്തി നേടി. 44 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്ഥിതിഗതികൾ വഷളാവുന്ന സാഹചര്യത്തിൽ പാകിസ്താനിൽ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ട്. നാളെ വരെയാണ് പാകിസ്താനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.


Story Highlights: Kevin Pietersen Hails Mohammad Asif As The Best Bowler He Ever Faced

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top