‘മാലിന്യ കൂമ്പാരത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരെ ഇന്ത്യയിൽ കണ്ടിട്ടുണ്ട്’; കപിൽ ദേവിനു മറുപടിയുമായി ഷാഹിദ് അഫ്രീദി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് പരമ്പര എന്ന ആശയം മുന്നോട്ടു വച്ച മുൻ പാക് താരം ഷൊഐബ് അക്തറിനു പിന്തുണയുമായി സഹതാരം ഷാഹിദ് അഫ്രീദി. ആശയം തള്ളിയ കപിൽ ദേവിനെ വിമർശിച്ചു കൊണ്ടാണ് അഫ്രീദി അക്തറിനു പിന്തുണ നൽകിയത്.
“ഷൊഐബ് അക്തർ മാനവികതയുടെ ഉദാഹരണമായാണ് അത് പറഞ്ഞത്. കപിലിൻ്റെ മറുപടി എനിക്ക് ഞെട്ടലുണ്ടാകി. മാലിന്യ കൂമ്പാരത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ വീഡിയോ ഇന്ത്യയിലെ നിരത്തുകളിൽ കണ്ടിട്ടുണ്ട്. ഞാൻ ഏറെ ബഹുമാനിക്കുന്ന താരമാണ് കപിൽ ദേവ്. അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു.”- അഫ്രീദി പറഞ്ഞു.
കപിലിൻ്റെ പരാമർശത്തിനെതിരെ അക്തറും രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും അതിനാൽ തന്നെ പരമ്പരയുടെ ആശയം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കിയ കപിൽ ദേവിന് മറുപടിയുമായി അക്തർ വീണ്ടും പരമ്പര ആശയം ആവർത്തിച്ചു. അക്തറിനു പണം ആവശ്യമില്ലെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയല്ലെന്നായിരുന്നു അക്തറിൻ്റെ മറുപടി.
രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു നേരത്തെ അക്തറിൻ്റെ നിർദ്ദേശം. പാകിസ്താന് 10000 വെൻ്റിലേറ്ററുകൾ സംഭാവന നൽകിയാൽ ഇന്ത്യയെ പാക് ജനത ഒരിക്കലും മറക്കില്ലെന്നും അക്തർ പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ബിസിസിഐ സാമ്പത്തികമായി കരുത്തരാണെന്നുമായിരുന്നു കപിലിൻ്റെ മറുപടി. കൊറോണ കാലത്ത് മത്സരങ്ങൾ നടത്തുന്നത് കളിക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും കപിൽ പറഞ്ഞു.
Story Highlights: ‘Have seen people eating food from garbage’ – Afridi reacts to Kapil’s ‘India doesn’t need money’ remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here