അമേരിക്കയിലെ കൊവിഡ് രോഗ മുക്തർ പ്ലാസ്മ ദാനം ചെയ്യുന്നു; രോഗികളെ രക്ഷിക്കാൻ

ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ച അമേരിക്കയിൽ രോഗമുക്തി നേടിയ ആളുകൾ പുതിയൊരു തീരുമാനവുമായി രംഗത്ത്. കൊവിഡ് ചികിത്സയ്ക്ക് വേണ്ടി രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരായാണ് ഇവർ മുന്നോട്ടിറങ്ങിയിരിക്കുന്നത്. ആയിരക്കണക്കിന് രോഗം ഭേദമായ ആളുകള്‍ അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ നടക്കുന്ന പരീക്ഷണങ്ങൾക്ക് പ്ലാസ്മ നൽകും. അമേരിക്കയിൽ 45,000ത്തോളം രോഗികൾ രോഗത്തിൽ നിന്ന് മുക്തരായിട്ടുണ്ടെന്നും ഇവർ പ്ലാസ്മ നൽകാൻ സന്നദ്ധരായി കടന്നുവരണമെന്നും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അഭ്യർത്ഥന നടത്തിയിരുന്നു.

പ്ലാസ്മ നൽകാൻ സാധിച്ചത് വളരെ മികച്ചൊരു അനുഭവമെന്നാണ് ആദ്യം പ്ലാസ്മ ദാനം ചെയ്ത ഡയാന ബെറന്റ് പറയുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിക്കായാണ് ഇവർ പ്ലാസ്മ നൽകിയത്. ഡയാന അമേരിക്കയിലെ പ്ലാസ്മ ദാതാക്കളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുടെ തുടക്കക്കാരി കൂടിയാണ്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച ഡയാനയ്ക്ക് കുറച്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം മാറി.

കൊറോണ വൈറസിനെ എതിർത്ത് തോൽപിച്ചതിനാൽ കൊറോണക്കെതിരെയുള്ള ആന്റിബോഡി ഡയാനയുടെ ശരീരത്തിലുണ്ടാകും. അത് പ്രയോജപ്പെടുത്തി മറ്റ് രോഗികളെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹെൽഡാഡ് ഹോഡ് പറയുന്നു. ഈ ആഴ്ച മുതൽ തന്നെ കൊവിഡ് മുക്തരുടെ പ്ലാസ്മ ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിക്കും. ഇത് പ്രാവർത്തികമാകുമോ അല്ലയോ എന്ന് നോക്കാമെന്നും ഹോഡ് പറഞ്ഞു. കൊളംബിയ സർവകലാശാലയിൽ മാത്രം 2000ത്തിലേറെ കൊവിഡ് മുക്തർ പ്ലാസ്മ നൽകാനുള്ള പരിശോധനയ്ക്ക് കാത്തിരിക്കുന്നുണ്ട്. ന്യൂയോർക്കിലും നിരവധി പേർ ദാനം ചെയ്യാൻ തയാറായിരിക്കുന്നു. ന്യൂയോർക്കിലാണ് അമേരിക്കയിൽ ഏറ്റവും അധികം പേർക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്.

കൊവിഡ് മാറിയവരുടെ രക്തത്തിൽ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡിയുണ്ടാകും. രക്തത്തിലെ പ്ലാസ്മയിലാണ് ഇതുണ്ടാകുക. ഇവരിൽ നിന്ന് പ്ലാസ്മ ശേഖരിക്കുമെന്നും ഇത് ഉപയോഗിച്ച് രോഗികളിൽ ചികിത്സ നടത്തുമെന്നുമാണ് വിവരം. ഒരാളിൽ നിന്ന് ഒരു തവണ എടുക്കുന്ന പ്ലാസ്മ രണ്ടോ മൂന്നോ രോഗികളിൽ പ്രയോഗിക്കാമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഏഴ് ദിവസം കൂടുമ്പോൾ ഇത്തരത്തിൽ പ്ലാസ്മ ദാനം ചെയ്താൽ ഒരാളിൽ നിന്ന് 10 മുതൽ 12 യൂണിറ്റ് പ്ലാസ്മ വരെ ഒരു മാസം ശേഖരിക്കാം.

Story highlights-america,covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top