Advertisement

കൊവിഡ് 19: കേരളത്തിന്റെ കൈ പിടിച്ച് ബ്ലാസ്റ്റേഴ്സും

April 16, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും. കൊറോണ പ്രതിരോധ ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോ ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകൾ നൽകിയാണ് ബ്ലാസ്റ്റേഴ്സ് സംസ്ഥാന സർക്കാരിന് പിന്തുണ അർപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് ഒരു ലക്ഷം ഗുളികകൾ നൽകിയെന്ന് കൊറോണ അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്ന ഗുളികകള്‍ കായിക മന്ത്രി ഇ പി ജയരാജനെയാണ് എല്‍പ്പിച്ചത്. മന്ത്രി ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന് ഇത് കൈമാറി. ബ്ലാസ്‌റ്റേഴ്‌സ് ഉടമ പ്രസാദ് നിമ്മഗഡ്ഡയ്ക്ക് ബന്ധമുള്ള മരുന്ന് നിര്‍മ്മാണ കമ്പനി ലോറസ് ലാബ് ലിമിറ്റഡിന്റെ വിശാഖപട്ടണത്തെ ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ് ഈ ഗുളികകൾ. 30 ഗുളികകൾ വീതം അടങ്ങുന്ന 3334 ബോട്ടിലുകളാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഉപദേശകനായ മുന്‍ കേണല്‍ രമേഷ് നമ്പ്യാരാണ് മരുന്ന് എത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 27 പേർ കൊവിഡ് 19 രോഗമുക്തി നേടിയിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ 24 പേരും, എറണാകുളം മലപ്പുറം കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് ഏഴു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശികളായ നാല്പ പേര്‍ക്കും കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്കും കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.

Story Highlights: kerala blasters help kerala government covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here