ഓസീസിന്റെ ഷോർട്ട് പിച്ച് പന്തുകൾക്ക് മുന്നിൽ സച്ചിൻ വിറച്ചിരുന്നു; വെളിപ്പെടുത്തലുമായി ഷോൺ പൊള്ളോക്ക്

ഓസീസ് ബൗളർമാരുടെ ഷോർട്ട് പിച്ച് പന്തുകൾക്ക് മുന്നിൽ വിറച്ചിരുന്ന ഒരു കാലം ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് ഉണ്ടായിരുന്നു എന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഷോൺ പൊള്ളോക്ക്. ഇക്കാര്യം തന്നോട് സച്ചിൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഷോർട്ട് പിച്ച് പന്തുകളെ നേരിട്ടതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊള്ളോക്ക് പറഞ്ഞു. സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് പൊള്ളോക്കിൻ്റെ തുറന്നു പറച്ചിൽ.
“ഓസ്ട്രേലിയൻ പിച്ചിലെ ഷോർട്ട് പിച്ച് പന്തുകൾ നേരിടാൻ ആവുന്നില്ലെന്ന് സച്ചിൻ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. സ്ലിപ്പിലേക്കും കീപ്പറുടെ തലക്ക് മുകളിലൂടെ തേർഡ് മാനിലേക്കും തട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.”- പൊള്ളോക്ക് പറഞ്ഞു.
സച്ചിനെതിരെ തങ്ങളുടെ തന്ത്രങ്ങളൊക്കെ പരാജയപ്പെടുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സച്ചിനെതിരെ, പ്രത്യേകിച്ചും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഞങ്ങളുടെ തന്ത്രങ്ങളൊക്കെ പരാജയപ്പെടുമായിരുന്നു. ഇദ്ദേഹത്തെ പുറത്താൻ സാധിക്കുമോ എന്നത് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നില്ല. ഞങ്ങളുടെ തന്ത്രങ്ങൾക്കപ്പുറം സച്ചിൻ പിഴവ് വരുത്തുകയായിരുന്നു രക്ഷ.”-പൊള്ളോക്ക് പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഷോൺ പൊള്ളോക്ക്. ഏകദിനത്തില്‍ 393 വിക്കറ്റും, ടെസ്റ്റില്‍ 421 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും പൊള്ളോക്ക് കളിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് വിഭാഗത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
Story Highlights: Shaun Pollock claims to know how Sachin Tendulkar battled back Australian bounce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here