കൊവിഡ്: പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷിക്കാം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച(18 -04-2020) മുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കേരള പ്രവാസി കേരളീയ ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കൊവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയില്‍ കൊവിഡ് ഉള്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍ക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും.
വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വര്‍ഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വര്‍ഷം കഴിയാത്ത പ്രവാസികള്‍ക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും സഹായധനം ലഭിക്കാത്തവര്‍ക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്‌പോര്‍ട്ട്, വിസ എന്നിവയുള്ളവര്‍ക്കും ഈ കാലയളവില്‍ വിസയുടെ കാലാവധി അധികരിച്ചവര്‍ക്കും 5000 രൂപ ധനസഹായം ലഭിക്കും.
പേര്, വിലാസം, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകള്‍, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോര്‍ട്ടില്‍ 2020 ജനുവരി ഒന്നിന് ശേഷം അറൈവല്‍ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30-04-2020 ആയിരിക്കും. വിശദ വിവരം www.norkaroots.org യിലും 04712770515 ,2770557 ( ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ) എന്ന നമ്പരിലും ലഭിക്കും.
Story Highlights: coronavirus, NORKA Roots,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here