Advertisement

മഴക്കാലപൂർവ്വ ശുചീകരണം ഊർജിതമായി നടത്തണം : മുഖ്യമന്ത്രി

April 17, 2020
Google News 1 minute Read

കൊവിഡ് 19 മാനദണ്ഡങ്ങൾക്കകത്ത് നിന്ന് മഴക്കാലപൂർവ്വ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാറ്റിവയ്ക്കാൻ കഴിയാത്ത പ്രവർത്തനമാണ് മഴക്കാലപൂർവ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ പലതരം പനിയും പകർച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇടപെടണമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. വീടുകൾ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകണം. ഹോട്‌സ്‌പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം.

പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫിസുകളും ഒരു ദിവസം ശുചീകരണം നടത്തണം. നിശ്ചിത അകലം പാലിച്ച് അഞ്ചിൽ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങൾ ആലോചിക്കണം. വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഖരമാലിന്യങ്ങൾ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കണം. ആവശ്യമായ ബോധവൽക്കരണവും ഇക്കാര്യത്തിൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുളങ്ങളും, തോടുകളും വൃത്തിയാക്കണം. ഹരിതകർമസേന, സാമൂഹ്യസന്നദ്ധ സേന എന്നിവയുടെ ഏകോപന പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകണം. അതിഥിതൊഴിലാളികളെ കൂടി ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണം. ഏതെങ്കിലും തരത്തിലുള്ള പനി വന്നാൽ സ്വയംചികിത്സ പാടില്ല. നിർബന്ധമായും ഡോക്ടറെ കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തദ്ദേശ സ്ഥാപന അതിർത്തിയിലെ എല്ലാ റോഡുകളും നല്ല റോഡുകളാക്കി മാറ്റാൻ തീവ്രയത്‌ന പരിപാടി എത്രയും പെട്ടെന്ന് ആരംഭിക്കും. കുടിവെളളം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണം.

ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 എന്നിവ വരാതിരിക്കാൻ പരിസര ശുചീകരണം പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോളറ, മഞ്ഞപ്പിത്തം എന്നിവക്കെതിരെയും ജാഗ്രത വേണം. നിർമാണം പൂർത്തിയാകാത്ത കെട്ടിടങ്ങളിലെ കൊതുക് നിർമാർജനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കാട്ടിലെ മൃഗങ്ങൾക്ക് വെള്ളം കൊടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.

Story Highlights- Monsoon, cleaning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here