മലയാളികളുടെ സെബർ കുറ്റകൃത്യങ്ങളിൽ വർധന; കുട്ടികളുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചതിന് തിരിച്ചറിഞ്ഞത് 150 പേരെ

ലോക്ക് ഡൗൺ മുതലെടുത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നതായി സൈബർഡോമിന്റെ കണ്ടെത്തൽ. സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കുന്ന 150 മലയാളികളെ കണ്ടെത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും സൈബർ ഡോം അറിയിച്ചു.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു ദിവസങ്ങളോളം വീട്ടിൽ ഇരിക്കേണ്ടി വന്നതോടെ ഇന്റർനെറ്റിന്റെ ഉപയോഗം ഇരട്ടിയായി. ഇതോടെ സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവെന്നാണ് സൈബർ ഡോമിന്റെ കണ്ടെത്തൽ. അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര കുറ്റകൃത്യങ്ങളാണ്. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കാണുന്നതിനൊപ്പം ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്ന സംഘങ്ങളും സജീവമായെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിലെ വീടുകളിൽ നിന്നുള്ള സ്വകാര്യ ചിത്രങ്ങൾ പോലും അശ്ലീല ഗ്രൂപ്പുകളിൽ ലോക്ക് ഡൗൺ കാലത്ത് പ്രത്യക്ഷപ്പെട്ടു. തുടർച്ചയായി ഇൻറർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്ന് ഇത്തരം ചിത്രങ്ങൾ കൈവശപ്പെടുത്തിയതാകാം എന്നാണ് സൈബർഡോമിന്റെ വിലയിരുത്തൽ.
അശ്ലീല സൈറ്റുകളിലും ഡാർക്ക് നെറ്റിലും കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച 150 മലയാളികളെ തിരിച്ചറിഞ്ഞു. വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
മലയാളികൾ രൂപീകരിച്ച ആറ് ഗ്രൂപ്പുകൾ കണ്ടെത്തി റദ്ദാക്കി. ഇവയുടെ അഡ്മിൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മനോജ് എബ്രഹാമിന്റെയും നേതൃത്വത്തിൽ പ്രത്യേക സൈബർ സെൽ രൂപീകരിച്ചു. കൂടുതൽ സമയം കുട്ടികൾ ഇന്റർനെറ്റിൽ ചെലവഴിക്കുന്നതിൽ ജാഗ്രത വേണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Story highlights-increase in cyber crimes, child porn ,lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here