നാവിക സേനയിലും കൊവിഡ്; മുംബൈയിൽ നാവികർക്ക് രോഗബാധ

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെന്നായ മുംബൈയിൽ 20 ഓളം നാവികർക്ക് കൊവിഡ് സ്ഥിരീകരണം. 15 മുതൽ 20 വരെ നാവികർക്ക് കൊവിഡ് പിടിപെട്ടുവെന്നാണ് വിവരം. ഈ നാവികരുടെ താമസം ഐഎൻഎസ് ആൻഗ്രെയുടെ അടുത്താണ്. ഇവർക്ക് വൈറസ് ബാധ പിടിപെട്ടത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരും പുറത്തിറങ്ങി സഞ്ചരിച്ചിരുന്നില്ല.
ഇവരുമായി സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആദ്യമായാണ് കൊറോണ വൈറസ് ബാധ നാവിക സേനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് കരസേനയിലുള്ള എട്ട് സൈനികർക്ക് കൊറോണ വൈറസ് ബാധ പിടിപെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
Read Also: കേരളത്തെ നാലുമേഖലകളാക്കി തിരിച്ചുകൊണ്ടുള്ള സർക്കാർ മാർഗനിർദേശം പുറത്തിറങ്ങി
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയൊരു ശതമാനം മഹാരാഷ്ട്രയിലാണ്. മുംബൈയിലാണ് അതിൽ കൂടുതൽ രോഗികളുള്ളത്. 2003 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3320 കേസുകളാണ് ആകെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. 201 പേർ മരിക്കുകയും ചെയ്തു.
അതേസമയം കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ രാജ്യം നടപടികൾ ഊർജിതമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് റാപിഡ് ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,835 ആയി. 452 പേർ മരിച്ചു. അതേസമയം, രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ ബസുകൾ അയച്ചത് വിവാദമായി.
indian navy, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here