കേരളത്തെ നാലുമേഖലകളാക്കി തിരിച്ചുകൊണ്ടുള്ള സർക്കാർ മാർഗനിർദേശം പുറത്തിറങ്ങി

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് കേരളത്തെ നാലുമേഖലകളാക്കി തിരിച്ചു സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ചില ജില്ലകളിൽ വരുംദിവസങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും. സ്വകാര്യവാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണവും നടപ്പിലാക്കി.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന റെഡ്‌സോണാണ് ഒരു മേഖല. ഇവിടെ മെയ് മൂന്നു വരെ സമ്പൂർണ ലോക്ക് ഡൗൺ തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന ഓറഞ്ച് എയാണ് രണ്ടാമെത്തെ മേഖല. ഏപ്രിൽ 24 വരെ ഇവിടെ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ശേഷം ഭാഗിക ഇളവുകൾ നടപ്പിലാക്കും. അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന ഓറഞ്ച് ബിയാണ് മൂന്നാമത്തെ മേഖല. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകൾ ഉൾപ്പെടുന്നതാണ് ഓറഞ്ച് ബി സോൺ. ഏപ്രിൽ 20 വരെ ലോക്ക്ഡൗൺ തുടരുന്ന ഈ മേഖലയിൽ 20ന് ശേഷം ഭാഗിക ഇളവുകൾ ഉണ്ടാകും. കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ഗ്രീൻ സോണാണ് നാലാമത്തേത്. തിങ്കളാഴ്ചക്ക് ശേഷം ഇവിടെ വലിയനിലയിലുളള ഇളവുകൾ വന്നേക്കും.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പരുമുളള സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം. സ്ത്രീകൾ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണമില്ല. നാലുചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ പിൻസീറ്റിൽ രണ്ടു പേർക്കാണ് യാത്രചെയ്യാനാവുക. ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് അനുമതിയുളളത്. കുടുംബാംഗങ്ങളെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാം.

ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ സോണുകളിൽ നിബന്ധനകൾക്ക് വിധേയമായി ഹൃസ്വദൂര ബസ് സർവീസിന് അനുമതിയുണ്ട്. 60 കിലോമീറ്ററിലധികം ഓടാൻ പാടില്ല, ജില്ലാ അതിർത്തി കടക്കാൻ പാടില്ല, ബസിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുത്, രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾ മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടാൾ എന്നനിലയിൽ ക്രമീകരണം ഏർപ്പെടുത്തണം, യാത്രക്കാർക്ക് ബസിനുളളിൽ സൈനിറ്റൈസർ നൽകണം തുടങ്ങിയവയാണ് നിബന്ധനകൾ. സ്വകാര്യ വാഹനങ്ങളിലുൾപ്പെടെ യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്.

റെഡ് സോൺ ഒഴികെയുളള മേഖലകളിൽ അക്ഷയ കേന്ദ്രങ്ങളും പോസ്റ്റ ഓഫിസുകളും തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയം രാത്രി 7 മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്. രാത്രി 7 മണിവരെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും 8 മണിവരെ പാഴ്‌സൽ നൽകുന്നതിനും അനുവാദമുണ്ടാകും. സാമൂഹിക അകലം പാലിച്ചാകണം ഈ ഇളവുകൾ എല്ലാം ഉപയോഗപ്പെടുത്തേണ്ടത്.

Story Highlights- lock down,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top