ബ്രിട്ടീഷ് പ്രധാനമന്ത്രി കൊവിഡ് വ്യാപനത്തിന് മുൻപ് നടന്ന അടിയന്തര യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്ന് റിപ്പോർട്ട്

കൊറോണ വൈറസ് അതിതീവ്രമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൺ. എന്നാൽ കൊവിഡ് ബ്രിട്ടനിൽ വ്യാപകമായി വ്യാപിക്കുന്നതിന് മുൻപ് തന്നെ വിഷയത്തില്‍ അടിയന്തര യോഗങ്ങൾ രാജ്യത്ത് നടന്നിരുന്നു. പ്രധാനമായ ഇത്തരത്തിലുള്ള അഞ്ച് യോഗങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പങ്കെടുത്തിട്ടില്ലെന്ന് റിപ്പോർട്ട്. സൺഡേ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാൽപതിൽ കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി അടിയന്തിര യോഗങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ബോറിസ് ജോൺസനെതിരെ ലേബർ പാർട്ടി ആരോപണവുമായി രംഗത്തെത്തി. എന്നാൽ ഇതിനെ വിചിത്രമെന്നാണ് സർക്കാർ അധികൃതർ വിശേഷിപ്പിച്ചത്. പക്ഷേ സർക്കാർ പ്രധാനമന്ത്രി അടിയന്തര യോഗങ്ങളിൽ പങ്കെടുക്കാതിരുന്നത് നിഷേധിച്ചിട്ടില്ല.

ജനുവരി, ഫ്രെബ്രുവരി മാസങ്ങളിലെ യോഗങ്ങളിലാണ് ബോറിസ് ജോൺസൺ പങ്കെടുക്കാതിരുന്നത്. ബ്രിട്ടനിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയ സമയത്ത് കൊറോണ വൈറസിനെ കുറിച്ച് ചർച്ച ചെയ്യാനായി ദേശീയ പ്രതിസന്ധി സമിതി ആദ്യ യോഗം ജനുവരി 24നാണ് നടന്നത്. വൈറസ് ആ സമയത്ത് ആറ് രാജ്യങ്ങളിലെ ആളുകൾക്ക് ബാധിച്ചിരുന്നു. അതേസമയം കൊവിഡ് രോഗം ബോറിസ് ജോൺസന് ബാധിച്ചത് വലിയ വാർത്തയായിരുന്നു. ഐസിയുവിലും പ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചു. 15,000ൽ അധികം ആളുകളാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top