കൊവിഡ്: ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 540 കടന്നു

കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 543 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1553 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആയി.
ഡൽഹിയിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 2000 കടന്നു. രാജസ്ഥാനിൽ പോസിറ്റീവ് ബാധിതരുടെ എണ്ണം 1500ലേക്ക് അടുക്കുകയാണ്. രാജ്യത്തെ കൊവിഡ് പരിശോധനയുടെ എണ്ണം നാല് ലക്ഷം കടന്നു. ഇന്നലെ മാത്രം 27,824 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, രാജ്യത്ത് അതീവ ജാഗ്രത തുടരുമ്പോഴും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിലാണ് ഇളവുകൾ ഏറെയും. കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളം ഇളവ് പ്രഖ്യാപിച്ചുവെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാനം എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടത് കേന്ദ്രത്തെ അറിയിച്ചുകൊണ്ടാണെന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി ടോം ജോസ്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here