Advertisement

കേരളം വിട്ട വാട്ട്മോർ ഇനി ബറോഡക്കൊപ്പം

April 20, 2020
Google News 1 minute Read

കേരളം വിട്ട മുൻ രഞ്ജി പരിശീലകൻ ഡേവ് വാട്ട്മോർ ബറോഡ ടീമിൻ്റെ പരിശീലകനായി നിയമിതനായി. ബറോഡയുമായി രണ്ട് വർഷത്തെ കരാറിലാണ് വാട്ട്‌മോർ ഒപ്പിട്ടിരിക്കുന്നത്. പരിശീലകനൊപ്പം ബറോഡയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റും വാട്ട്മോർ തന്നെയാണ്. വിവരം ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

96ൽ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച വാട്ട്മോർ സിംബാബ്‌വെ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്ക് വേണ്ടി ഏതാനും മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

കേരള ക്രിക്കറ്റിന് ഏറ്റവും മികച്ച നേട്ടങ്ങൾ സമ്മാനിച്ച പരിശീലകൻ എന്ന നിലയിലാണ് വാട്ട്മോർ ഓർമിക്കപ്പെടുക. 2017ൽ പരിശീലക സ്ഥാനം ഏറ്റെടുത്ത വാട്ട്മോർ ആ വർഷം ടീമിനെ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തിച്ചു. തൊട്ടടുത്ത സീസണിൽ വീണ്ടും ചരിത്രം തിരുത്തപ്പെട്ടു. ഇത്തവണ ടീം സെമിഫൈനലിലെത്തി. ഈ സീസണിൽ പക്ഷേ, കേരളത്തിൻ്റെ പ്രകടനം വളരെ മോശമായി. ഒരൊറ്റ ജയം മാത്രം നേടാനായ കേരളം സി ഗ്രൂപ്പിലേക്ക് തരം താഴ്ത്തപ്പെട്ടു.

സയ്യിദ് മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫികളിലൊന്നും കേരളത്തിന് കാര്യമായ നേട്ടമുണ്ടാക്കാനും ആയില്ല. കളിക്കാരുടെ പരുക്കും ബാറ്റിംഗ് വിഭാഗത്തിൻ്റെ മോശം പ്രകടനങ്ങളുമാണ് കേരളത്തിനു തിരിച്ചടി ആയത്. ഇന്ത്യ എ ടീമിലും ദേശീയ ടീമിലും കളിച്ച സഞ്ജു സാംസണിൻ്റെയും എ ടീമിൽ കളിച്ച സന്ദീപ് വാര്യരുടെയും അഭാവവും കേരളത്തിൻ്റെ പ്രകടനങ്ങളെ ബാധിച്ചു. ഏറെ വിജയകരമായ രണ്ട് സീസണുകൾക്ക് ശേഷം ഇത്ര മോശമായ മറ്റൊരു സീസൺ അഭിമുഖീകരിക്കേണ്ടി വന്നത് വാട്ട്മോറിനെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുണ്ടാവണം.

Story highlights-Dav Whatmore appointed Baroda’s Director of Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here