ജയിൽ വാനുകൾ കൊവിഡ് വൈറസ് പരിശോധന ലാബുകളാക്കി മാറ്റാൻ ഡൽഹി സർക്കാർ

ജയിൽ വാനുകൾ കൊവിഡ് വൈറസ് പരിശോധന ലാബുകളാക്കി മാറ്റാൻ ഡൽഹി സർക്കാർ. 25 വാനുകളാണ് ഇതിനായി സജ്ജീകരിക്കുക. സംസ്ഥാനത്തെ 79 രോഗബാധിത മേഖലകളിൽ ഈ പ്രത്യേക പരിശോധന ലാബുകൾ സഞ്ചരിച്ച് രോഗപരിശോധന നടത്തും. രണ്ടു വാനുകൾ വീതം ഡൽഹിയിലെ 11 ജില്ലകളിലും സഞ്ചരിക്കും. ബാക്കിയുള്ള മൂന്നു വാനുകൾ തലസ്ഥാനത്ത് തുടരും.
അടുത്ത മൂന്നു നാലു ദിനങ്ങൾകൊണ്ട് 40,000 റാപ്പിഡ് ടെസ്റ്റുകൾ നത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട് രോഗലക്ഷണങ്ങളില്ലാതിരുന്ന 186 പേർക്ക് ശനിയാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാപ്പിഡ് ടെസ്റ്റുകൾ വേഗത്തിലാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കൈക്കൊണ്ടത്.
തിലക് നഗറിലുള്ള 35 പേർക്കും തുഗ്ലക്ബാദിലുള്ള 30 പേർക്കും നബികകരീമിൽ നിന്നുള്ള അഞ്ച് പേർക്കും സദാർ ബസാറിലെ മൂന്നു പേർക്കും നിസാമുദ്ദീനിൽ നിന്നുള്ള രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കാണിക്കാതിരുന്നവരായിരുന്നു ഇവരെല്ലാം തന്നെ. നിശബ്ദ രോഗവാഹകരിലൂടെയാകാം രോഗം പകർന്നിരിക്കാൻ സാധ്യതയെന്നാണ് സർക്കാർ അനുമാനം. ഇതിന്റെ പശ്ചാത്തലത്തിലാണ് റാപ്പിഡ് ടെസ്റ്റ് അടക്കമുള്ള വിപുലമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്.
സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുന്നതിനാൽ ലോക്ക് ഡൗൺ ഇളവുകളൊന്നും രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയിലെ എല്ലാ ജില്ലകളും ഹോട്സ്പോട്ടിൽ ഉൾപ്പെട്ടിരിക്കുകയാണ്.
Story highlight: Delhi government to convert jail vans to covid virus testing labs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here