കാസര്‍ഗോഡിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത് അവിടുത്തെ ജനങ്ങളുടെ സഹകരണം മൂലം: മുഖ്യമന്ത്രി

കാസര്‍ഗോഡിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത് അവിടുത്തെ ജനങ്ങളുടെ സഹകരണം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ല ഒരു ഘട്ടത്തില്‍ എങ്ങനെയായിരുന്നു എന്നത് ഓര്‍ക്കണം. രണ്ടുമാസത്തിലേറെയായി കൊവിഡിനെതിരെ പടപൊരുതുന്ന ആ ജില്ല ഇപ്പോള്‍ ആശ്വാസത്തിന്റെ വക്കിലാണ്. അവിടെ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

മാര്‍ച്ച് 21 മുതല്‍ കാസര്‍ഗോഡ് ജില്ല മുഴുവനായും അടച്ചിട്ടു. എന്നാല്‍ അതിനു മുമ്പുതന്നെ അവിടെ നിയന്ത്രണങ്ങള്‍ നടപ്പാക്കി. 144 പ്രഖ്യാപിച്ചു. കര്‍ക്കശമായ നിയന്ത്രണങ്ങള്‍, പരിശോധന, ചികിത്സാ സംവിധാനം ഇങ്ങനെയുള്ള വിവിധ നടപടികള്‍ സ്വീകരിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് കാസര്‍ഗോഡിന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറാന്‍ കഴിഞ്ഞത്. കാസര്‍ഗോഡ് ഇപ്പോള്‍ 4754 പേര്‍ നിരീക്ഷണത്തിലാണുള്ളത്. ഇന്ന് ആറുപേരെയാണ് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയിലുള്ള കാസര്‍ഗോഡ് ജില്ലക്കാര്‍. ഈ സംഖ്യ ഇത്രയും കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്.

കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഇക്കാര്യത്തില്‍ നല്ല രീതിയില്‍ സഹകരിച്ചു. വലിയ തോതില്‍ പ്രയാസങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ടെന്ന് അറിയാം. അതെല്ലാം നാടിന്റെ പൊതുവായ നന്മയ്ക്കുവേണ്ടിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ നില കൈവരിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിച്ചുകൊണ്ടും ജാഗ്രതയും കരുതലും കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് കാസര്‍ഗോഡുകാരോട് പ്രത്യേകമായി അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top