Advertisement

ഡയാലിസിസിനായി അച്ഛനെ സ്കൂട്ടറിൽ കൊണ്ടു പോയിരുന്ന മകൾ; കണ്ണ് നനയിക്കുന്ന ഭൂതകാലക്കുറിപ്പുമായി കോട്ടയം അസി. കളക്ടർ

April 20, 2020
Google News 3 minutes Read

ഡയാലിസിസിനായി അച്ഛനെ സ്കൂട്ടറിൽ കൊണ്ടു പോയിരുന്ന കാലം ഓർമിച്ച് കോട്ടയം അസിസ്റ്റൻ്റ് കളക്ടർ ശിഖ സുരേന്ദ്രൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവച്ച കുറിപ്പിലാണ് ശിഖ ഭൂതകാലത്തെ ഓർത്തെടുത്തത്. മാസം 4000 രൂപ ഓട്ടോ കൂലി എന്നത് താങ്ങാനാവാതെയാണ് അച്ഛനെ സ്കൂട്ടറിൽ കൊണ്ടു പോകേണ്ടി വന്നതെന്ന് ശിഖ ഓർമിക്കുന്നു.

‘ഡയാലിസിസ് കഴിഞ്ഞ് റൂമിന് പുറത്തിറങ്ങുമ്പോൾ സ്വതവേ കാഴ്ച മങ്ങി ഇരുട്ടുകയറി തുടങ്ങിയ അച്ഛന്റെ കണ്ണുകൾ എന്നെ തിരിച്ചറിയാറില്ല. അടുത്ത മൂന്ന് ദിവസത്തേക്കുള്ള ജീവൻ ശരീരത്തിൽ നിറച്ചതിന്റെ ആശ്വാസത്തിൽ അച്ഛൻ പതിയെ നടക്കും. ആശുപത്രിയിലെ ബെഞ്ചിൽ ഒരഞ്ചു മിനിറ്റ് വിശ്രമിക്കും. പിന്നെ എന്റെ വലതു കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് സ്കൂട്ടറിന് അടുത്തേക്ക് നടന്നു നീങ്ങും. കുറച്ചുവർഷങ്ങളായി അങ്ങനെ കൈ പിടിച്ച് നടന്നതിനാൽ അച്ഛന്റെ ശരീരത്തിലുണ്ടാകുന്ന ചെറിയ ക്ഷീണം പോലും എനിക്ക് മനസ്സിലാവുമായിരുന്നു. നന്നേ ബുദ്ധിമുട്ടിയാണ് അച്ഛൻ സ്കൂട്ടറിൽ കയറാറുള്ളത്. ക്ഷീണം തോന്നുമ്പോൾ ചുമലിലേക്ക് ചാരി ഇരിക്കും. ഉച്ചനേരത്ത് പൊരിവെയിലിൽ ഒച്ച് ഇഴയും പോലെയുള്ള സ്കൂട്ടർയാത്ര ചെയ്തു വീട്ടിൽ എത്തുമ്പോഴേക്കും അച്ഛൻ ആകെ ക്ഷീണിച്ചിരിക്കും. ഒരു നെടുവീർപ്പിട്ട് വീടിനകത്തേക്ക് കയറി വെള്ളം കുടിക്കുമ്പോഴും ശരീരത്തിൻറെ ദാഹത്തെ അച്ഛന് നിയന്ത്രിക്കേണ്ടിയിരുന്നു. കാരണം, അമിതമായി വെള്ളം കുടിച്ചാൽ രാത്രി ശ്വാസംമുട്ട് ഉണ്ടാകും. വെയിലത്ത് നിന്നും കയറി വന്ന് ദാഹത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും അളവു ഗ്ലാസിലെ വെള്ളം അല്പാല്പമായി അച്ഛൻ ഊറ്റിക്കുടിക്കുന്നത് അങ്ങേയറ്റം വിഷമം ഉളവാക്കുന്ന കാഴ്ചയായിരുന്നു’- ശിഖ പറയുന്നു.

ശിഖയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“അച്ഛനെ ശരീരത്തിൽ കെട്ടി സ്കൂട്ടർ ഓടിച്ച മകൻ; കൊച്ചിയിലെ ആ ചിത്രത്തിൻറെ കഥ” എന്ന തലക്കെട്ടിൽ മനോരമ പ്രസിദ്ധീകരിച്ച വാർത്ത വായിക്കുകയായിരുന്നു. ഡയാലിസിസ് കഴിഞ്ഞ പിതാവുമായി സ്കൂട്ടറിൽ മടങ്ങുന്ന മകന്റെ ആ ചിത്രം എൻറെ ഓർമ്മകളെ രണ്ടു വർഷം പിന്നിലേക്ക് കൊണ്ട് പോയി.

എന്റെ അച്ഛന് ഡയാലിസിസ് തുടങ്ങുന്നത് 2014ലാണ്. വീട്ടിൽ നിന്നും നാല് കിലോമീറ്റർ മാത്രം അകലത്തിലുള്ള ആശുപത്രിയിലാണ് ഡയാലിസിസ് ചെയ്തിരുന്നത്. ഇ എസ് ഐ ഇൻഷുറൻസിലാണ് ചികിത്സയുടെ ഭൂരിഭാഗം ചിലവുകളും പോയിരുന്നത്. എന്നിരിക്കിലും ആഴ്ചയിലൊരിക്കൽ ചെയ്യേണ്ടിവരുന്ന ലാബ് ടെസ്റ്റുകൾക്കും വാങ്ങിക്കേണ്ട മരുന്നുകൾക്കും പണം അടക്കേണ്ടി വരുമായിരുന്നു. ആ പണം കണ്ടെത്തുവാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. ഞാൻ അന്ന് എൻജിനീയറിംഗ് ഫൈനൽ ഇയർ ആണ്. സ്കോളർഷിപ്പിലൂടെ പഠന ചിലവുകൾ നടന്നുവന്നു. കൂടാതെ വീട്ടിൽ ഞാനും അച്ഛനും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുമുണ്ട്. തിമിരം അച്ഛന്റെ കാഴ്ചശക്തി ക്ഷയിപ്പിച്ചു തുടങ്ങിയെങ്കിലും കുട്ടികളെക്കൊണ്ട് തന്നെ വായിപ്പിച്ചു കേട്ട്, അർത്ഥം പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്ന രീതിയായിരുന്നു അച്ഛന്റേത്. ട്യൂഷൻ ഫീസിലും ഉപരിയായി മറ്റെങ്ങും പോകാനില്ലാതെ വീട്ടിലും ആശുപത്രിയിലുമായി ജീവിതം ഒതുക്കിവച്ച അച്ഛന് കുട്ടികളോട് സംസാരിക്കുന്നത് വലിയൊരു ആശ്വാസമായിരുന്നു. അമ്മയുടെ തുച്ഛമായ ശമ്പളവും, ദുബായിൽ നിന്നും ബ്രദർ ഇൻ ലോ അയച്ചു തന്നിരുന്ന പണവും, ട്യൂഷൻ ഫീസും, ബന്ധുക്കളിൽ ചിലരുടെ സഹായവും ഒക്കെ കൊണ്ടാണ് അച്ഛൻറെ ചികിത്സ നടത്തിയിരുന്നത്.

2015ൽ ഞാൻ എഞ്ചിനീയറിങ് പാസായി. കൂട്ടുകാരെല്ലാവരും തന്നെ ക്യാമ്പസ് റിക്രൂട്ട്മെന്റിന് ശ്രമിച്ചപ്പോഴും അച്ഛൻ എന്നെ പിന്തിരിപ്പിച്ചു. ഒരു ജോലി അത്രമേൽ ആവശ്യം ആയിരുന്നെങ്കിലും മകളെ IASകാരിയാക്കാൻ മോഹിച്ച അച്ഛൻ, കടുത്ത പ്രാരാബ്ധങ്ങൾക്കിടയിലും എന്നെ ഡൽഹിയിൽ സിവിൽസർവീസ് കോച്ചിംഗിനു ചേർത്തു. 6 മാസത്തെ കോച്ചിങ്ങിനു ശേഷം ഞാൻ 2016ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും അച്ഛൻ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. നന്നേ മെലിഞ്ഞു. ഭക്ഷണങ്ങൾ പലതും നാവിന് രുചിക്കാതെയായി. ഡയാലിസിസിന് പോകുന്നതിന്റെ തലേദിവസം രാത്രിയും പകലും അച്ഛൻ തുടരെ ശർദ്ദിച്ചു പോന്നു. അസുഖം മിക്ക ദിവസങ്ങളിലും അച്ഛന്റെ ഉറക്കത്തെ അപഹരിച്ചു. ഡോക്ടർ പറഞ്ഞതിലും അധികമായി സ്വല്പം വെള്ളം കുടിച്ചാൽ പോലും അച്ഛന് ശ്വാസംമുട്ട് അനുഭവപ്പെടുന്ന അവസ്ഥയായി.

ആയിടക്കാണ് ചികിത്സ തേടിയിരുന്ന ആശുപത്രി ഇ എസ് ഐ ഇൻഷുറൻസുമായുള്ള കരാർ താത്കാലികമായി അവസാനിപ്പിച്ചത്. തുടർന്ന് 15 കിലോമീറ്ററോളം അകലെയുള്ള വേറൊരു ആശുപത്രിയിലേക്ക് അച്ഛന്റെ ഡയാലിസിസ് മാറ്റേണ്ടിവന്നു. ആദ്യമൊക്കെ ഞാനാണ് അച്ഛനെ സ്കൂട്ടറിൽ ഡയാലിസിസിനു വേണ്ടി കൊണ്ടുപോയിരുന്നത്. ഓട്ടോറിക്ഷ വിളിച്ചാൽ ഒരു സൈഡ് 200 രൂപയാണ് ചാർജ്. ആഴ്ചയിൽ രണ്ടു ദിവസം ഡയാലിസിസ് വേണ്ടിയിരുന്ന അച്ഛന് അങ്ങനെ നോക്കിയാൽ മാസം ഓട്ടോ കൂലി തന്നെ ഏകദേശം 4000 രൂപയോളം വരുമെന്നതിനാൽ ഡയാലിസിസിന് എന്റെ കൂടെ സ്കൂട്ടറിൽ തന്നെ പോകുവാൻ അച്ഛൻ നിർബന്ധിതനായി. അന്ന് ഞാൻ 2017ലെ സിവിൽ സർവീസ് പരീക്ഷക്കായുള്ള പഠനത്തിലാണ്. രാവിലെ നാലുമണിക്ക് അച്ഛൻ വിളിച്ചുണർത്തും. ആറുമണിവരെ പഠനം. എന്നിട്ട് അച്ഛനെയും കൂട്ടി ആശുപത്രിയിലേക്ക്. പോകേണ്ട സമയമാകുമ്പോഴേക്കും അച്ഛൻ കുളിച്ച് റെഡിയായി ഇരിക്കും. ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഷർട്ട് തന്നെ അണിഞ്ഞു കൊണ്ടാവും ആ ഇരിപ്പ് . ജീവിതത്തിൽ മറ്റെങ്ങും യാത്ര പോകാൻ ഇല്ലാത്ത താൻ എന്തിനാണ് നല്ല വസ്ത്രങ്ങൾ മറ്റൊരു അവസരത്തിലേക്ക് സൂക്ഷിച്ചുവയ്ക്കുന്നത് എന്നതായിരുന്നു അച്ഛന്റെ ഫിലോസഫി.

രാവിലെ 07:30 ക്കാണ് ഡയാലിസിസ്. നടക്കുമ്പോൾ ബാലൻസ് തെറ്റിപ്പോകുന്ന പ്രശ്നം അച്ഛന് ഉണ്ടായിരുന്നു. എയർകണ്ടീഷൻഡ് ഡയാലിസിസ് റൂമിലേക്ക് പുതപ്പും കുടിക്കാനുള്ള വെള്ളവും നിറച്ച ബാഗുമായി അച്ഛൻ വേച്ച് വേച്ച് ചുമരിൽ പിടിച്ച് നടന്നു നീങ്ങുന്ന കാഴ്ച പലപ്പോഴും മടക്കയാത്രയിൽ എൻറെ കണ്ണുകൾ നിറക്കുമായിരുന്നു. അച്ഛന് എന്തെങ്കിലും ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ ഡയാലിസിസ് തീരും വരെ ഞാൻ റൂമിനു പുറത്ത് ഇരിക്കുകയാണ് പതിവ്. അങ്ങനെ നാലു മണിക്കൂറോളം നീളുന്ന കാത്തിരിപ്പിൽ ആശുപത്രി ബെഞ്ചിലിരുന്ന് മൊബൈലിൽ കറണ്ട് അഫേഴ്സ്, എൻസിഇആർടി ബുക്കുകൾ വായിക്കും. അച്ഛനൊപ്പം ഡയാലിസിസ് ചെയ്തിരുന്ന ആളുകളുടെ ബൈസ്റ്റാൻഡറുകാരിൽ മിക്കവർക്കും ഇതിനോടകം ഞാൻ ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് വിവരം സുപരിചിതമായി.

ഡയാലിസിസ് കഴിഞ്ഞ് റൂമിന് പുറത്തിറങ്ങുമ്പോൾ സ്വതവേ കാഴ്ച മങ്ങി ഇരുട്ടുകയറി തുടങ്ങിയ അച്ഛന്റെ കണ്ണുകൾ എന്നെ തിരിച്ചറിയാറില്ല. അടുത്ത മൂന്ന് ദിവസത്തേക്കുള്ള ജീവൻ ശരീരത്തിൽ നിറച്ചതിന്റെ ആശ്വാസത്തിൽ അച്ഛൻ പതിയെ നടക്കും. ആശുപത്രിയിലെ ബെഞ്ചിൽ ഒരഞ്ചു മിനിറ്റ് വിശ്രമിക്കും. പിന്നെ എന്റെ വലതു കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് സ്കൂട്ടറിന് അടുത്തേക്ക് നടന്നു നീങ്ങും. കുറച്ചുവർഷങ്ങളായി അങ്ങനെ കൈ പിടിച്ച് നടന്നതിനാൽ അച്ഛന്റെ ശരീരത്തിലുണ്ടാകുന്ന ചെറിയ ക്ഷീണം പോലും എനിക്ക് മനസ്സിലാവുമായിരുന്നു. നന്നേ ബുദ്ധിമുട്ടിയാണ് അച്ഛൻ സ്കൂട്ടറിൽ കയറാറുള്ളത്. ക്ഷീണം തോന്നുമ്പോൾ ചുമലിലേക്ക് ചാരി ഇരിക്കും. ഉച്ചനേരത്ത് പൊരിവെയിലിൽ ഒച്ച് ഇഴയും പോലെയുള്ള സ്കൂട്ടർയാത്ര ചെയ്തു വീട്ടിൽ എത്തുമ്പോഴേക്കും അച്ഛൻ ആകെ ക്ഷീണിച്ചിരിക്കും. ഒരു നെടുവീർപ്പിട്ട് വീടിനകത്തേക്ക് കയറി വെള്ളം കുടിക്കുമ്പോഴും ശരീരത്തിൻറെ ദാഹത്തെ അച്ഛന് നിയന്ത്രിക്കേണ്ടിയിരുന്നു. കാരണം, അമിതമായി വെള്ളം കുടിച്ചാൽ രാത്രി ശ്വാസംമുട്ട് ഉണ്ടാകും. വെയിലത്ത് നിന്നും കയറി വന്ന് ദാഹത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴും അളവു ഗ്ലാസിലെ വെള്ളം അല്പാല്പമായി അച്ഛൻ ഊറ്റിക്കുടിക്കുന്നത് അങ്ങേയറ്റം വിഷമം ഉളവാക്കുന്ന കാഴ്ചയായിരുന്നു .

ഡയാലിസിസ് ചെയ്യുന്നവരുടെ ശരീരം വളരെ സെൻസിറ്റീവ് ആണ്. സ്കൂട്ടർ റോഡിലെ ഗട്ടറുകളിൽ ചാടുമ്പോഴുള്ള അച്ഛന്റെ വേദനയുടെ സ്വരം എന്റെ കാതിൽ മുഴങ്ങുമായിരുന്നു. ക്ലേശം നിറഞ്ഞ സ്കൂട്ടർ യാത്രയുടെ പരിണിതഫലമെന്നോണം അച്ഛന്റെ ശരീരത്തിൽ അങ്ങിങ്ങായി നീര് വച്ചു തുടങ്ങി. എന്നിട്ടും പരാധീനതകൾ ഓർത്ത്, പരാതികൾ പറയാതെ സ്കൂട്ടറിലേക്ക് ഏറെ കഷ്ടപ്പെട്ട് കാലു കയറ്റി വയ്ക്കുന്ന അച്ഛന്റെ ജീവിതത്തോടുള്ള മനോഭാവം എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രോഗം ശരീരത്തെ തളർത്തിയെങ്കിലും; ആ മനസ്സ് പാറപോലെ ഉറച്ചുനിന്നു.ഒടുവിൽ സ്കൂട്ടർ യാത്ര അച്ഛന്റെ ശരീരത്തിന് തീരെ താങ്ങാനാവാതെ വന്നപ്പോൾ ബന്ധുവിന്റെ കാറിൽ അച്ഛനെ ആശുപത്രിയിൽ എത്തിച്ചു തുടങ്ങി. അത് ഒരു വലിയ അനുഗ്രഹമായിരുന്നു.

ഇന്നത്തെ പത്രത്തിൽ, ഒരച്ഛനെ മകൻ ചുമലിലേക്ക് ചേർത്തുകെട്ടി സ്കൂട്ടറിൽ കൊണ്ടുപോകുന്ന ചിത്രം കണ്ടപ്പോൾ അച്ഛന്റെ ഡയാലിസിസ് ദിനങ്ങളാണ് മനസ്സിൽ തെളിഞ്ഞത്. ആ ചിത്രത്തിൽ ഞാൻ എന്നെയും അച്ഛനെയും കണ്ടു. എന്റെ വലതു കൈത്തണ്ടയിൽ അച്ഛന്റെ ആ നനുത്ത കരസ്പർശം വീണ്ടും അനുഭവപ്പെട്ടു.

“Seeing human suffering changes you. It either makes you compassionate or it makes you hard.”

Story Highlights: kottayam assistant collector fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here