കൊവിഡ് പരിശോധനാ കിറ്റുകളുടെ ഗുണമേന്മ; ഐസിഎംആറിനെ കുറ്റപ്പെടുത്തി പശ്ചിമ ബംഗാൾ

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് നൽകുന്നത് കേടായ ടെസ്റ്റിംഗ് കിറ്റുകളും ഉറപ്പില്ലാത്ത പരിശോധനാ ഫലങ്ങളുമാണെന്ന് പശ്ചിമ ബംഗാൾ. ഐസിഎംആർ നൽകുന്ന കിറ്റുകൾ പലപ്പോഴും പരിശോധനാ ഫലം നൽകാൻ വളരെ വൈകുന്നു എന്ന് സർക്കാർ കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ തീവ്രമായ ഘട്ടത്തിൽ ഫലം പുറത്തു വരാൻ വൈകുന്നതും കേടായ ടെസ്റ്റിംഗ് കിറ്റുകളും സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തെ പിറകോട്ട് വലിക്കുകയാണെന്നാണ് സർക്കാർ ആരോപണം.

ശരിയായ ഫലം നൽകുന്ന തരത്തിൽ അല്ല കിറ്റുകളുടെ ക്രമീകരണമെന്നത് കഷ്ടമാണ്. ഓരോ മെഡിക്കൽ കോളജുകളും കിറ്റുകൾ ക്രമീകരിക്കുക എന്നത് അസാധ്യവും. പല കിറ്റുകളും വ്യത്യസ്ത ഫലങ്ങളാണ് തരുന്നത്. തുടർന്ന് അന്തിമ ഫലം കിട്ടുന്നില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ്(എൻഐസിഇഡി) ഡയറക്ടർ ഡോ. ശാന്ത ദത്ത കാര്യങ്ങൾ വ്യക്തമാക്കുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഐസിഎംആറിനോട് ഫലങ്ങൾ വൈകാനുള്ള കാരണം ചോദിച്ചിട്ടുണ്ട്.

പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ കിറ്റുകൾ എത്തിച്ചിരുന്നപ്പോൾ കുഴപ്പവുമൊന്നും ഉണ്ടായിരുന്നില്ല. സർക്കാർ ലാബുകളിലേക്കുള്ള കിറ്റ് വിതരണം ഐസിഎംആർ വഴിയാക്കിയ ശേഷമാണ് പരിശോധനാ ഫലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടായി തുടങ്ങിയതെന്ന് ആരോഗ്യ വകുപ്പ്. 310 കൊവിഡ് കേസുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. 12 പേർ രോഗബാധ മൂലം മരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം കൂടുമ്പോൾ സംസ്ഥാനത്തിന്റെ കൊറോണ വൈറസ് പരിശോധനയുടെ അനുപാതം ഉയരുന്നില്ല.

Story highlights-covid-19,west bengal ,testing kits

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top