പത്തനംതിട്ടയില്‍ പതിനാറുവയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

പതിനാറുവയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണ്ണിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശി സുധീഷ് ഭവനത്തില്‍ അഖില്‍ എസ് കുമാറാണ് കൊല്ലപ്പെട്ടത്. അഖിലും സുഹൃത്തുക്കളായ രണ്ട് പേരും സമീപത്തെ റബര്‍ തോട്ടതിലേക്ക് പോകുന്നത് പ്രദേശ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് പേര്‍ മാത്രം മടങ്ങി വരുന്നതും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

അതേസമയം, മറവു ചെയ്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസ് എത്തിയാണ് പുറത്തെടുത്തത്. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെട്ട 16 കാരന്റെ കഴുത്തില്‍ വെട്ടേറ്റ പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. മുന്‍കൂട്ടി തയാറാക്കിയത് പ്രകാരമാണ് പ്രതികള്‍ കൊല നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പൊലിസ് സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

 

Story Highlights- 16-year-old boy was hacked to death by his friends in Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top