Advertisement

രാജസ്ഥാനില്‍ നിന്നുള്ള ദേശ്‌രാജിന്റെ കേരളത്തോടുള്ള സ്‌നേഹം: 550 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റ്

April 21, 2020
Google News 2 minutes Read

രാജസ്ഥാനില്‍ നിന്ന് സാധാരണ അതിഥി തൊഴിലാളിയായി കേരളത്തില്‍ എത്തി പടി പടിയായി ഉയര്‍ന്ന് ഗ്രാനൈറ്റ് കച്ചവടക്കാരനായ ദേശ്‌രാജിന്റെ സഹജീവി സ്‌നേഹത്തില്‍ പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും എത്തിയത് 550 വീടുകളില്‍. കോഴിക്കോട് ജില്ലയിലെ കായക്കൊടിയിലാണ് ലോക്ക്ഡൗണ്‍ കാലത്തെ ഈ നല്ല മാതൃകയുണ്ടായത്. രാജസ്ഥാനില്‍ നിന്ന് അതിഥി തൊഴിലാളിയായി ഇവിടെയെത്തിയ ദേശ്‌രാജ് സമൂഹ അടുക്കളക്കും 550 കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികളായ നൂറോളം പേര്‍ക്കും പച്ചക്കറി കിറ്റും ഭക്ഷ്യവസ്തുക്കളും കൈമാറി. മൂന്ന് ദിവസത്തോളം ഉപയോഗിക്കാനുള്ള പച്ചക്കറികളാണ് സമൂഹ അടുക്കളയിലേക്ക് ദേശ്‌രാജ് നല്‍കിയത്. തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു ഭാഗം മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കി വച്ച ദേശ്‌രാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ നന്ദി അറിയിച്ചു.

അതേസമയം, ഐടിസി രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഐടിസി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ചീവ് പുരി അറിയിച്ചു. അണ്ടര്‍ 10 ഫുട്‌ബോള്‍ മത്സരത്തില്‍ സീറോ ആങ്കിള്‍ ഗോളടിച്ച് കേരളത്തിന്റെ കുട്ടിതാരമായി മാറിയ ഡാനിഷ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ കൈമാറി. പലരും നല്‍കിയ സമ്മാന തുകകളും മറ്റും സ്വരൂപിച്ച് കിട്ടിയ രൂപയാണ് ഈ കൊച്ചുമിടുക്കന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൊല്ലത്ത് ചവറയിലെ തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് കശുവണ്ടി തൊഴിലാളി ലളിതമ്മ 5,101 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പട്രോളിങ്ങിന്റെ ഭാഗമായി പ്രദേശത്തു കൂടി കടന്നു പോയ പൊലീസ് ജീപ്പ് കൈനിട്ടി നിര്‍ത്തി, ‘സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം’ എന്നറിയിച്ചാണ് ഇവര്‍ തുക കൈമാറിയത്. ഈ തുക സിഐ ഇന്നലെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും ചേര്‍ന്ന് 1,22,94,675 രൂപ കൈമാറി, നേരത്തെയും 1,06,26,789 രൂപ ഇടുക്കി ജില്ല ഇത്തരത്തില്‍ കൈമാറിയിരുന്നു.

പ്രൊഫ കെവി തോമസിന്റെയും ഭാര്യ ഷേര്‍ളിയുടെയും 50-ാം വിവാഹ വാര്‍ഷിക ദിനമായിരുന്നു ഏപ്രില്‍ 12. വീട്ടിലെ ആഘോഷങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കുമായി മാറ്റിവെച്ചിരുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. കേരള എക്‌സ് സര്‍വീസ്‌മെന്‍ കോര്‍പ്പറേഷന്‍ 20 ലക്ഷം, ഫാദര്‍ തോമസ് മറ്റമുണ്ടയില്‍ (മലനാട് ക്ഷീരസംഘം) അഞ്ചുലക്ഷം, ഫെല്‍സിറ്റ ബെര്‍ണാഡെറ്റ് മോറിസ് 25,000 രൂപ, വിളയില്‍ റെസിഡന്‍സ് വെല്‍ഫയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി 93,000 രൂപ, കോട്ടായി സര്‍വീസ് സഹകരണ ബാങ്ക്, പാലക്കാട് 7.35 ലക്ഷം, കാവശ്ശേരി ഗ്രാമപഞ്ചായത്ത് (പാലക്കാട്) 10 ലക്ഷം, ഡോ. എം.എ നാസര്‍ 50,000 രൂപ, ആക്ഷന്‍ഫൈ ടെനോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് 1 ലക്ഷം, കഞ്ഞിക്കുള്ളം സര്‍വീസ് സഹകരണ ബാങ്ക്, പാലക്കാട് 3,80,294 രൂപ,
കേരള തയ്യല്‍ തൊഴിലാളി കോര്‍പ്പറേഷന്‍ ചെയര്‍പേര്‍സണ്‍ 20,000 രൂപ, സിനോവ് സത്യന്‍, വര്‍ക്കല – 50,000 രൂപ എന്നിങ്ങനെയാണ് സംഭവന ചെയ്തവരുടെ പേരുവിവരങ്ങള്‍.

മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് ചെയര്‍മാനായ ക്‌നാനായ കോപ്പറേറ്റീവ് സൊസൈറ്റി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് 300 പിപിഇ കിറ്റുകള്‍ കൈമാറി. എ.എം ആരിഫ് എം.പി പ്രദേശിക വികസന ഫണ്ടില്‍ നിന്ന് നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക മാറ്റിവച്ചിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കായംകുളം താലുക്ക് ആശുപത്രിയിലേക്കും കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലേക്കും മൊബൈല്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എം.പി. ഫണ്ടില്‍ നിന്ന് പണം നീക്കിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 

Story Highlights- Deshraj, from Rajasthan, loves Kerala: Food Kit for 550 families

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here