‘രണ്ട് ഹോസ്റ്റലുകളിലായി 206 പേർ; അങ്ങോട്ട് ആവശ്യപ്പെട്ടാൽ പരിശോധന’; ജസ്‌ലോക് ആശുപത്രിയിലെ നഴ്‌സുമാർ ദുരിതത്തിൽ

മുംബൈ ജസ്‌ലോക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ. കൊവിഡ് സ്ഥിരീകരിച്ച നഴ്‌സുമാരും അല്ലാത്തവരും ഒരുമിച്ച് താമസിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് ജസ്‌ലോക് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ട്വന്റിഫോറിനോട് പറഞ്ഞു. മതിയായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും നഴ്‌സ് വ്യക്തമാക്കി.

ജസ്‌ലോക് ആശുപത്രിയിൽ നഴ്‌സുമാർ ഉൾപ്പെടെ 36 ഓളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചുവെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ടെന്ന് നഴ്‌സ് പറയുന്നു. ജസ്‌ലോകിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായി രണ്ട് ഹോസ്റ്റലുകളാണ് ഉള്ളത്. ഒരു ഹോസ്റ്റലിൽ 120 ഉം മറ്റൊരു ഹോസ്റ്റലിൽ 86 പേരുമാണ് താമസിക്കുന്നത്. 120 പേർ താമസിക്കുന്ന ഹോസ്റ്റലിലെ നഴ്‌സിനാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം അധികൃതർ ഒളിപ്പിച്ചുവച്ചു. സംഭവം പുറത്തായതോടെ ക്വീറന്റീൻ പോകുമെന്ന് തങ്ങൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ആദ്യം അവർ അതിന് തയ്യാറായില്ല. ജോലിയ്ക്ക് കയറണമെന്ന് പറഞ്ഞു. പീന്നീട് നിർബന്ധത്തിന് വഴങ്ങി ക്വാറന്റീൻ പോകാൻ അനുവദിച്ചു. തങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ടതിന് ശേഷമാണ് പരിശോധന നടത്തിയത്. എന്നാൽ കൃത്യമായ പരിശോധനയല്ല നടത്തിത്. പരിശോധന ഫലം വേഗത്തിൽ ലഭിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരുടേയും പരിശോധനാ ഫലം നെഗറ്റീവ്. അതിനിടെ 120 പേർ താമസിക്കുന്ന ഹോസ്റ്റലിലെ 30 പേർക്ക് കൊവിഡ് പോസിറ്റീവ് ആയി. രോഗമുള്ളവരെ ഹോസ്റ്റലിൽ നിർത്തി മറ്റുള്ളവരെ വേറെ സ്ഥലത്തേയ്ക്ക് മാറ്റുകയാണ് ചെയ്തത്. ഇവരെ പാർപ്പിച്ചത് വളരെ മോശം സാഹചര്യത്തിലാണ്. കൊവിഡ് രോഗലക്ഷണമുള്ള പലർക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും നഴ്‌സ് ആരോപിക്കുന്നു.

ഹോസ്റ്റലിൽ ആളുകൾ തമ്മിൽ കൃത്യമായി അകലം പാലിക്കാൻ സാധിച്ചിരുന്നില്ല. കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും എല്ലാം ഒരുമിച്ചാണ്. എല്ലാവരും ഉപയോഗിക്കുന്നത് ഒറ്റ ബാത്ത്‌റൂം. ഇതിനിടെ ഭക്ഷണം പാകം ചെയ്യുന്ന രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഭക്ഷണം എത്തിക്കാൻ കാറ്ററിംഗ് സർവീസുകാരെ ഏർപ്പെടുത്തി. മിക്കവാറും ലഭിക്കുന്നത് മോശം ഭക്ഷണമായിരുന്നു. ഇത് പലർക്കും ആരോഗ്യപ്രശ്‌നമുണ്ടാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ല. ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് തയ്യാറാണ്. പക്ഷേ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഴ്‌സ് കൂട്ടിച്ചേർത്തു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top