കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിട്ടും കണ്ണൂർ ജില്ലയിൽ ആളുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങി

കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിട്ടും കണ്ണൂർ ജില്ലയിൽ ആളുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. പലയിടത്തും ഗതാഗതക്കുരുക്ക് പരിഹരിച്ചത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും നിലവിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്നും ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു.
കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കണ്ണൂർ ജില്ലയിൽ പൊലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറു റോഡുകൾ ബാരിക്കേഡുകൾ വെച്ച് പൂർണമായും അടച്ചു. ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി. എന്നാൽ നിയന്ത്രണങ്ങൾ വകവെക്കാതെ ആളുകൾ പുറത്തിറങ്ങി. കണ്ണൂർ നഗരത്തിലടക്കം പത്ത് മണിയോടെ കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ക്വാറന്റീൻ ചെയ്യുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഉത്തര മേഖലാ ഐജി അശോക് യാദവ് പറഞ്ഞു.
കണ്ണൂർ ജില്ലയെ മൂന്ന് മേഖലകളാക്കി തിരിച്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകി. കണ്ണൂർ സബ് ഡിവിഷൻ്റെ ചുമതല എസ്പി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പിൻ്റെ ചുമതല നവനീത് ശർമയ്ക്കുമാണ്. അരവിന്ദ് സുകുമാറിനാണ് തലശ്ശേരി, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതല. അതിനിടെ സമ്പൂർണ ലോക്ക്ഡൗണും റെഡ് സോണുമായി പ്രഖ്യാപിച്ച ന്യൂമാഹി പഞ്ചായത്തിൽ നിർദേശങ്ങൾ ലംഘിച്ച് പ്രാർത്ഥന നടത്തിയവർക്കെതിരെ കേസെടുത്തു. മമ്മി മുക്ക് ജുമാ മസ്ജിദിലാണ് സംഭവം. പിടിയിലായ നാല് പേരെ കണ്ണൂരിലെ കൊവിഡ് കെയർ സെന്ററിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി അയച്ചു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
Story Highlights: coronavirus, Covid 19, kannur,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here