കാസർഗോഡ് പത്ത് ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി

കാസർഗോട് ചെറുവത്തൂരിൽ പത്ത് ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഗുജറാത്തിൽ നിന്നും കുന്നംകുളത്തേക്ക് കൊണ്ടു പോവുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. കാസർഗോട് കണ്ണൂർ ദേശീയ പാതയിൽ ചെറുവത്തൂർ ആർടിഒ ചെക്ക്പോസ്റ്റിൽ പുലർച്ചെയോടെയാണ് പഴകിയ മത്സ്യം പിടികൂടിയത്.

ഗുജറാത്ത് രജിസ്ട്രേഷൻ കണ്ടെയ്നർ ലോറിയിൽ കൊണ്ടു വരികയായിരുന്ന ചെറുതും വലുതുമായ മത്സ്യമാണ് ഭക്ഷ്യവകുപ്പിൻ്റെ മൊബൈൽ പട്രോളിങ് സംഘം പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 330 ബോക്സുകളിലായി സൂക്ഷിച്ച മത്സ്യം കണ്ടെത്തി. രാസപദാർത്ഥങ്ങൾ ചേർത്തിട്ടില്ലെന്നാണ് വിദഗ്ധ പരിശോധനാഫലം. ഐസിൻ്റെ കൃത്യമായ ഉപയോഗമില്ലാത്തതിനാലാണ് മത്സ്യം ചീഞ്ഞ് ഉപയോഗശൂന്യമായത്. തുടർന്ന് മത്സ്യം നശിപ്പിച്ച് കളയാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം തീരുമാനിച്ചു. അഞ്ചു ദിവസത്തെ പഴക്കമുള്ളതാണ് മത്സ്യമെന്നാണ് അധികൃതർ പറയുന്നത് .മൂന്നു ദിവസം മുൻപാണ് ലോറി ഗുജറാത്തിൽ നിന്നും പുറപ്പെട്ടതെന്ന് ലോറിയിലുണ്ടായിരുന്ന തൊഴിലാളികൾ അധികൃതരോട് പറഞ്ഞു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ പല ഭാഗത്തു നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 4612.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്. 198 കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ 21 പേർക്കാണ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം അമരവിളയിൽ നിന്നും കടമ്പാട്ടുകോണത്ത് നിന്നും മാത്രം 4350 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഏപ്രിൽ നാലിന് ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ആദ്യദിനം 2866 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് നടത്തിയ പരിശോധനകളിൽ 1,20,497.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.

Story Highlights: 10 tonnes expired fish seized in kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top