Advertisement

സര്‍ക്കാര്‍ ഇടപെട്ടു ; നാലുവയസുകാരി ഫാത്തിമത്ത് ഷഹല ചികിത്സക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു

April 22, 2020
Google News 1 minute Read

ലോക്ക്ഡൗണിലും ഫാത്തിമത്ത് ഷഹലയ്ക്ക് തുടര്‍ ചികിത്സക്കായി ചെന്നൈയിലേക്കുള്ള യാത്ര സാധ്യമാക്കി സര്‍ക്കാര്‍. കണ്ണിന് അര്‍ബുദം ബാധിച്ച ഫാത്തിമത്ത് ഷഹലയും കുടുംബവും ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പുറപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ ഉള്‍ഗ്രാമമായ പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധര്‍മ്മത്തടുക്കയിലെ അബ്ദുള്‍ ഹമീദിന്റെയും ആയിഷത്ത് മിസ്‌റയുടെയും മകളാണ് നാലു വയസുകാരി ഫാത്തിമത്ത് ഷഹല. കണ്ണിന് അര്‍ബുദം ബാധിച്ച കുട്ടിക്ക് ചെന്നൈയിലെ ശങ്കര നേത്രാലയയില്‍ കീമോതെറാപ്പിയുള്‍പ്പടെയുള്ള ചികില്‍സക്കായാണ് പോയത്.

ലോക്ക്ഡൗണില്‍ മകളുടെ തുടര്‍ ചികിത്സ മുടങ്ങുമെന്ന ആശങ്കയിലായിരുന്നു ഈ കുടുംബം. സംസ്ഥാന യുവജന കമ്മീഷനംഗം കെ. മണികണ്ഠന്‍ ഇടപെട്ടാണ് ചെന്നൈയിലെത്തി ചികിത്സയ്ക്കുള്ള വഴി തുറന്നത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ കേരള സോഷ്യല്‍ സെക്യുരിറ്റി മിഷന്റെ വീ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ 10 ന് മടിക്കൈ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സാണ് കുട്ടിയേയും കൊണ്ടു ചെന്നൈയിലേക്ക് പുറപ്പെട്ടത്. ലോക്ക്ഡൗണില്‍ ചികിത്സ വഴിമുട്ടിയപ്പോള്‍ സര്‍ക്കാര്‍ സഹായമെത്തിയതില്‍ കുട്ടിയുടെ കുടുംബവും നാടും വലിയ ആശ്വാസത്തിലാണ്. ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ താമസ സൗകര്യം ഉള്‍പ്പെടെ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് യാത്രയില്‍ ആവശ്യമായ ചെലവുകള്‍ക്കും ആംബുലന്‍സ് ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുക.

Story highlights-lockdown,Four-year-old Fathimath Shahala went to Chennai for treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here