തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു

തമിഴ്നാട്ടിൽ നിന്ന് വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിൽ അതിർത്തി കടന്ന് ഇരുപതോളം പേർ എത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആളുകൾ അതിർത്തി കടക്കുന്ന തേവാരംമേട്ടിൽ സംസ്ഥാനത്തെ ആദ്യ കൊവിഡ് പൊലീസ് ഔട്ട് പോസ്റ്റ് തുറന്നു.
തമിഴ്നാട്ടിൽ നിന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കാൻ 45 ഓളം സമാന്തരപാതകളുണ്ട്. രാത്രിയിൽ എല്ലായിടത്തും പൊലീസ് പരിശോധനകൾ ഉണ്ടാവില്ല. ഈ സാഹചര്യം മനസിലാക്കിയാണ് തമിഴ്നാട്ടിൽ നിന്ന് ആളുകൾ ജില്ലയിലേക്ക് കടക്കുന്നത്. വന്യമൃഗ ഭീഷണി ഉള്ളതിനാൽ വനത്തിനുള്ളിൽ രാത്രി പരിശോധനയും സാധ്യമല്ല. ലോക്ക്ഡൗണിന് മുൻപ് നാട്ടിലേക്ക് പോയ തോട്ടം തൊഴിലാളികളാണ് തിരികെ വരാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് കടന്നാല്‍ ഈയാഴ്ച്ച തന്നെ തോട്ടങ്ങളില്‍ ജോലിക്ക് കയറാമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
രാത്രി കാലങ്ങളിൽ അതിർത്തി കടന്നെത്തുന്നവർ പ്രധാനമായി ഉപയോഗിക്കുന്നത് നെടുങ്കണ്ടം തേവാരം മേട്ടിലെ സമാന്തര പാതകളെയാണ്. ഈ വഴി മൂന്നു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാല്‍ കേരളത്തിലേക്കും കടക്കാം. കാൽ നടയായി സമാന്തരപാതകളിലൂടെ അതിർത്തിയിൽ എത്തുന്നവരെ വാഹനങ്ങളില്‍ കൊണ്ടുപോകുവാനും ഏലത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് നിയന്ത്രിക്കാനാണ് തേവാരം മേട്ടിൽ കൊവിഡ് ഔട്ട് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്
തമിഴ്നാട് അതിർത്തി ജില്ലയായ തേനിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമാന്തര പാതകളിലൂടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ എത്തുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.
Story Highlights: coronavirus, idukki,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here