പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ചവരിൽ മൂന്ന് പേരുടെ റൂട്ട് മാപ്പിൽ ആശയക്കുഴപ്പം

പാലക്കാട്ട് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേരിൽ മൂന്ന് പേരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു. വിളയൂർ സ്വദേശിയുടേയും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിയ കുഴൽമന്ദം സ്വദേശിയായ ലോറി ഡ്രൈവറുടേയും കല്ലടിക്കോട് നിന്ന് പിടിച്ച തമിഴ്‌നാട്ടിൽ നിന്നെത്തിയ യുവാവിന്റെയും സമ്പർക്ക പട്ടികയും റൂട്ട് മാപ്പ് തയാറാക്കുന്നതിലാണ് അവ്യക്തത.
ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി കൊപ്പത്തെ സഹകരണ ബാങ്കിന്റെ നടുവട്ടം ശാഖയും കുഴൽമന്ദം പ്രാഥമിക ആരോഗ്യ കേന്ദ്രവും തത്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷം തുറക്കാനാണ് തീരുമാനം. അതിർത്തിയിലടക്കം പൊലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, പാലക്കാട് രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ സഹായി കോട്ടയത്ത് എത്തി. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയുമായി എത്തിയ ഡ്രൈവർ രോഗം വന്നതിനെ തുടർന്ന് പാലക്കാട് ചികിത്സ തേടുകയായിരുന്നു. ഇയാൾക്കൊപ്പം ഉള്ള സഹായിയാണ് കോട്ടയത്ത് എത്തിയത്. കോട്ടയത്തെത്തിയ സഹായിയുമായി സമ്പർക്കത്തിൽ വന്ന 15 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പച്ചക്കറി ഇറക്കിയ കോട്ടയത്തെ കട ആരോഗ്യവകുപ്പ് അടപ്പിച്ചു.
Story highlights-palakkad route map of 3 covid patients complicated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here